ന്യൂദല്‍ഹി- കാവല്‍ക്കാരന്‍ കള്ളന്‍ എന്ന പേരില്‍ തനിക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം രാജ്യത്തിന് ദ്രോഹകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തെ സുരക്ഷാ ജീവനക്കാരെ അപമാനിക്കുന്ന പ്രചാരണമാണിതെന്ന് സുരക്ഷാ ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ മോഡി കുറ്റപ്പെടുത്തി.
ചിലരുടെ സ്ഥാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ചില തെറ്റായ ആശയങ്ങള്‍ രാജ്യത്തെ സുരക്ഷാ ജീവനക്കാരെ അപമാനിക്കാനായി നടത്തുന്നുണ്ട്. അതില്‍ എനിക്ക് കുറച്ചുപേരോട് ക്ഷമ ചോദിക്കാനുണ്ട്.
നിര്‍ഭാഗ്യവശാല്‍ ഇത്തരക്കാരുടെ ഭാഷ നിങ്ങളെ വേദനിപ്പിക്കുന്നു- മോഡി പറഞ്ഞു.
അവര്‍ പറയുന്നു കാവല്‍ക്കാരന്‍ കള്ളനാണ്. എന്നെ അധിക്ഷേപിക്കുകയും എന്നോട് വെറുപ്പുണ്ടാക്കുകയുമാണ് അവരുടെ ലക്ഷ്യം. ഇനി ഒരു തൊഴിലാളിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നതെങ്കില്‍ അവരെയും ഇത്തരത്തില്‍ അപമാനിക്കും. ഇനി അവര്‍ എത്ര തന്നെ നമ്മെ കള്ളന്മാരെന്ന് വിളിച്ചാലും, നമ്മള്‍ അതില്‍ പേടിക്കാന്‍ പാടില്ല- മോഡി പറഞ്ഞു.