കൊല്ലം- ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മകനെ സംരക്ഷിക്കില്ലെന്ന് തട്ടിക്കൊണ്ട് പോയ മുഹമ്മദ് റോഷന്റെ പിതാവും സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ് മാധ്യമങ്ങളോട് പറഞ്ഞു. മകൻ കുറ്റക്കാരാനാണെങ്കിൽ ശിക്ഷിക്കണം. എന്നാൽ ചിലർ ഇതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതാണ് നിലവിലെ ആരോപണങ്ങൾക്ക് കാരണമെന്നും കള്ള പ്രചാരണങ്ങളെ എതിർക്കുമെന്നും നവാസ് വ്യക്തമാക്കി. സംഭവ ദിവസം വൈകിട്ട് നാലുമണി വരെ മകൻ വീട്ടിലുണ്ടായിരുന്നു. തെറ്റിനെ ന്യായീകരിക്കുന്നില്ല പക്ഷേ ബുദ്ധിയില്ലാത്ത പ്രായത്തിലെ തീരുമാനമാണ് ഇപ്പോൾ കാണുന്നത്. വീട്ടുകാരോട് സ്നേഹമുണ്ടായിരുന്നെങ്കിൽ മകൻ ഇത്തരത്തിൽ ചെയ്യില്ലായിരുന്നുവെന്നും നവാസ് പറഞ്ഞു. അവർ തമ്മിൽ പ്രേമമാകാനും സാധ്യതയുണ്ട്. മകളെ കാണാനില്ലെന്ന പരാതിയുമായി പെൺകുട്ടിയുടെ പിതാവ് വന്ന് കണ്ടിരുന്നുവെന്നും മകളെ തിരിച്ച് തരികയാണെങ്കിൽ പോലീസ് സ്റ്റേഷനിൽ പോകില്ലെന്ന് പറഞ്ഞ പിതാവിനെ സ്റ്റേഷനിലേക്ക് പറഞ്ഞയച്ചത് താനാണെന്നും നവാസ് പറഞ്ഞു. പെൺകുട്ടിയാണ് മകനെ വിളിച്ചുകൊണ്ട് പോയത്. പരാതിയിൽ ആരോപിക്കുന്നത് പോലെ വീടുകയറി ആക്രമണമോ പിതാവിന് പരിക്കേൽക്കുകയോ ഉണ്ടായിട്ടില്ലെന്നും നവാസ് പറഞ്ഞു.
അതിനിടെ, സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ പോലിസിന്റെ പിടിയിലായി. ചങ്ങൻകുളങ്ങര സ്വദേശി വിപിൻ, തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ ഓടിച്ചിരുന്ന ഓച്ചിറ പായിക്കുഴി സ്വദേശി അനന്തു എന്നിവരാണ് പിടിയിലായത്. കാർ കായംകുളം ടൗണിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് റോഷന്റെ നിർദ്ദേശപ്രകാരം അനന്തുവും വിപിനും കാർ കായംകുളത്ത് ഉപേക്ഷിച്ചെന്നാണ് ഇരുവരും പോലീസിന് നൽകിയ മൊഴി.
പെൺകുട്ടിയുമായി പ്രധാന പ്രതി ഓച്ചിറ സ്വദേശി മുഹമ്മദ് റോഷൻ ബംഗളൂരുവിലേക്ക് കടന്നുവെന്ന് പോലിസ് പറയുന്നു. പ്രതി ബംഗളൂരുവിലേക്കുള്ള ട്രെയിൻ ടിക്കറ്റെടുത്തതിനുള്ള തെളിവ് പോലിസിന് ലഭിച്ചു. കൂട്ടുപ്രതികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചുവെന്നും പോലിസ് പറഞ്ഞു. പെൺകുട്ടിയെ കണ്ടെത്താൻ വേണ്ടി ബംഗളൂരുവിൽ ഉള്ള കേരളാ പോലിസ് അവിടുത്തെ പോലിസുമായി സഹകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. റോഷനെ കൂടാതെ പായിക്കുഴി സ്വദേശി പ്യാരിയുമാണ് പെൺകുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നതെന്ന് പോലിസ് സംശയിക്കുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്യാരിക്കെതിരേ കാപ്പാ ചുമത്താൻ തീരുമാനിച്ചതായാണ് വിവരം.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വഴിയോരക്കച്ചവടക്കാരും രാജസ്ഥാൻ സ്വദേശികളുമായ മാതാപിതാക്കളെ മർദ്ദിച്ചവശരാക്കിയ ശേഷം പതിമൂന്നുകാരിയായ മകളെ വലിയകുളങ്ങര സ്വദേശി മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. കൂടാതെ ഒരാഴ്ച മുമ്പും പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ വിഫലശ്രമം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഒരു വർഷം മുൻപ് ഇവർ താമസിക്കുന്ന വീട്ടിൽ നിന്നും 25000 രൂപ മോഷണവും പോയിരുന്നു. ഓച്ചിറ കേന്ദ്രീകരിച്ച് ഗുണ്ടാപ്രവർത്തനം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികൾ. ഇവരുൾപ്പെട്ട മിക്ക കേസുകളും രാഷ്ട്രീയ സ്വാധീനം മൂലം ഒതുക്കി തീർക്കുകയാണ് പതിവെന്ന് പറയപ്പെടുന്നു.