ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴില്‍ അവസരങ്ങളിലുണ്ടായ ഇടിവുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചത്. 2018ലെ ഓരോ ദിവസങ്ങളിലും 30,000 തൊഴില്‍ അവസരങ്ങള്‍ വീതമാണ് മോഡി നശിപ്പിച്ച് കളഞ്ഞതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. മണിപ്പൂരിലെ ഇംഫാലിലെ നടന്ന പൊതുയോഗത്തിലാണ് രാഹുലിന്റെ വിമര്‍ശനം.
രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് നരേന്ദ്ര മോഡി അധികാരത്തില്‍ എത്തിയത്. പക്ഷേ, ഇപ്പോള്‍ 2018ല്‍ ഒരു കോടി തൊഴില്‍ അവസരങ്ങള്‍ നശിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലെ തൊഴില്‍ പ്രതിസന്ധി ഏറെ ഭയാനകമായ അവസ്ഥയാണ്. ഈ പ്രതിസന്ധിയെ തരണം ചെയ്യേണ്ടിയിരിക്കുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കെന്ന പോലെ വടക്കന്‍ സംസ്ഥാനങ്ങളിലേക്കും വികസനം എത്തണം. സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി ഒന്നും അറിയാതെയാണ് മോഡി നോട്ട് നിരോധനം നടപ്പാക്കിയത്. നോട്ട് നിരോധിക്കും മുമ്പ് ഒരു ആലോചനകളും നടന്നിട്ടില്ല. ഗബ്ബര്‍ സിംഗ് ടാക്‌സ് എന്ന വിശേഷിപ്പിച്ച ജിഎസ്ടിയെയും രാഹുല്‍ വിമര്‍ശിച്ചു.