Sorry, you need to enable JavaScript to visit this website.

മുരളി അങ്കത്തിനിറങ്ങുമ്പോൾ 

1989 ലാണ് സംഭവം. കേന്ദ്രം ഭരിക്കുന്നത് വി.പി സിംഗിന്റെ സർക്കാർ. രാജ്യസഭാംഗമായ സോഷ്യലിസ്റ്റ് നേതാവ് അരങ്ങിൽ ശ്രീധരൻ കേന്ദ്ര വാണിജ്യ സഹമന്ത്രിയാണ്. കോഴിക്കോട്ടെത്തിയ ഒരാൾ അരങ്ങിലിന്റെ വീട് അന്വേഷിക്കുന്നു. സഹായിക്കാനെത്തിയ ആൾ മറുപടി നൽകിയത് ഇങ്ങിനെ. നടക്കാവ് വണ്ടിപ്പേട്ട ബസ് സ്റ്റോപ്പിലിറങ്ങി ബിലാത്തിക്കുളം റോഡിൽ മുന്നോട്ട് ചെന്നാൽ മുരളിയുടെ വീടിനടുത്താണ് അരങ്ങിലിന്റെ വീട്. കെ. മുരളീധരൻ 1984 മുതൽ കോഴിക്കോടിന്റെ രാഷ്ട്രീയ രംഗത്തുണ്ട്. 1989, 1991, 1999 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് കോഴിക്കോടിന്റെ എം.പിയായി. 
വമ്പന്മാരെ മുട്ട് കുത്തിച്ചാണ് മലബാറിന്റെ ആസ്ഥാന നഗരത്തിൽ നിന്ന് മുരളി പാർലമെന്റിലെത്തിയത്. സി.പി.എമ്മിന്റെ മുതിർന്ന നേതാവ് ഇ.കെ ഇമ്പിച്ചിബാവ, അഖിലേന്ത്യാ ലീഗിലെ മൊയ്തീൻ കുട്ടി എന്ന ബാവഹാജി, സോഷ്യലിസ്റ്റും ബഹുമുഖ പ്രതിഭയുമായ എം.പി വീരേന്ദ്രകുമാർ എന്നിവരെ തോൽപിച്ച ചരിത്രം മുരളിയ്ക്കുണ്ട്. ഇതേ മുരളി ഗ്രൂപ്പ് പോരും കാല് വാരലും കാരണം കോഴിക്കോട് സീറ്റിൽ തോറ്റിട്ടുമുണ്ട്. പിൽക്കാലത്ത് രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് ശേഷം തൃശൂരിലെ വടക്കാഞ്ചേരിയിലും കോഴിക്കോട് കൊടുവള്ളിയിലും മുരളി തോറ്റിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ പലേടത്തും താമര വിരിയുമെന്ന് അവകാശപ്പെട്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
 തിരുവനന്തപുരം ജില്ലയിലായിരുന്നു വലിയ പ്രതീക്ഷ. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവ് സീറ്റിൽ മത്സരിച്ചു. ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ വിജയിച്ചത് കെ. മുരളീധരൻ. 
വടകരയിൽ മത്സരിക്കാൻ ആരും തയാറാവാത്ത അവസ്ഥയിലാണ് സൂപ്പർ ഹീറോ പരിവേഷത്തോടെ മുരളി മത്സരിക്കാനിറങ്ങുന്നത്. കോഴിക്കോട് ജില്ലയിലെ അഞ്ചും കണ്ണൂർ ജില്ലയിലെ രണ്ടും അസംബ്ലി മണ്ഡലങ്ങളുൾപ്പെടുന്നതാണ് വടകര പാർലമെന്റ് മണ്ഡലം. ഏറ്റവുമൊടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിൽ കുറ്റിയാടി ഒഴിച്ച് ആറിടത്തും ഇടതിനായിരുന്നു മേൽക്കൈ. 
ഈ കണക്കുകൾ കാര്യമായെടുത്തിട്ടാവണം കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് കേരളത്തിലെ ഏറ്റവും സുരക്ഷിത യു.ഡി.എഫ് മണ്ഡലമായ വയനാട്ടിലേക്ക് മാറിയത്. എം.ഐ ഷാനവാസ് ആദ്യ തവണ ഈ സീറ്റിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒന്നേ മുക്കാൽ ലക്ഷത്തിന്റെ ലീഡുണ്ടായിരുന്നു. ഡി.ഐ.സി സ്ഥാനാർഥിയായി മത്സരിച്ച മുരളി പിടിച്ച ഒരു ലക്ഷം വേറെയും. മലപ്പുറം ജില്ലയിലേയും വയനാട്ടിലേയും സീറ്റുകൾ ഉൾപ്പെടുന്നതാണ് വയനാട് പാർലമെന്റ് സീറ്റ്. 
അതേസമയം സമീപകാലം വരെ വടകര കേരളത്തിലെ ഏറ്റവും ചുവന്ന പാർലമെന്റ് സീറ്റായിരുന്നു. യുവനേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്നാണ് ചിത്രം മാറുന്നത്. ഇപ്പോഴത്തെ സി.പി.എം സ്ഥാനാർഥി പി. ജയരാജന്റെ സഹോദരി പി. സതീദേവി 2004ൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 1,78,000 വോട്ടുകളുമായി സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷമായിരുന്നു. 
കോൺഗ്രസിലെ മാന്യനായ നേതാവാണ് മുല്ലപ്പള്ളി. ഗ്രൂപ്പ് കളികൾക്കൊന്നും നിൽക്കാതെ മികച്ച പ്രതിഛായ കാത്തു സൂക്ഷിച്ച ജനകീയ നേതാവ്. കണ്ണൂരിൽ നിന്ന് എം.പിയായ മുല്ലപ്പള്ളി അവിടെ തോറ്റതിന് ശേഷം മത്സര രംഗത്ത് സജീവമായിരുന്നില്ല. ലീഗിന് ലഭിച്ച മൂന്നാം സീറ്റായ വടകരയിൽ 2009ലാണ് ഭാഗ്യ പരീക്ഷണത്തിനെത്തിയത്. രണ്ട് ലക്ഷത്തോളം ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ എങ്ങിനെ ജയിക്കാനാണെന്ന് ശങ്കിച്ച അദ്ദേഹത്തിന് ധൈര്യം പകർന്നത് ലീഗ് അധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങൾ. 
2009ലെ തെരഞ്ഞെടുപ്പിൽ വടകര ലോകസഭാ സീറ്റിൽ നിന്ന് മികച്ച ലീഡിന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2014ലെ തെരഞ്ഞെടുപ്പിൽ  വീണ്ടും വടകരയുടെ ജനപ്രതിനിധിയായി. സി.പി.എം കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന സീറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് അപൂർവ നേട്ടമായി. കേരളത്തിൽ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയിച്ചപ്പോഴും ചെങ്കൊടി പാറിയ മണ്ഡലമാണിത്. 
ടി.പി കേസിന്റെ പശ്ചാത്തലത്തിലാണ് ആദ്യ ജയമെന്ന് പറയാമെങ്കിലും വീണ്ടും മുല്ലപ്പള്ളി വിജയിച്ചത് ജനപ്രതിനിധിയുടെ ഇടപെടലിനുള്ള അംഗീകാരമാണെന്ന് എതിരാളികൾ പോലും സമ്മതിക്കും. കേന്ദ്രം, പാർലമെന്റ് എന്നൊക്കെ പറയുമ്പോൾ നാട്ടുകാരുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് റെയിൽവേ സ്റ്റേഷനും ടെലിഫോൺ എക്‌സ്‌ചേഞ്ചുമൊക്കെയാണ്. പണ്ട് വടകരയ്ക്ക് ക്യാബിനറ്റ് റാങ്കുള്ള മന്ത്രി വരെ ജനപ്രതിനിധിയായി ഉണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചോയ്‌സായ കെ.പി ഉണ്ണികൃഷ്ണൻ പിൽക്കാലത്ത് ഉപരിതല ഗതാഗത മന്ത്രിയായത് വടകരയുടെ എം.പിയായിരിക്കെയാണ്. കാൽ നൂറ്റാണ്ടു കാലം ഒന്നും സംഭവിച്ചില്ല. മുല്ലപ്പള്ളി വരുത്തിയ വികസനം റെയിൽവേ സ്റ്റേഷൻ മുതൽ പ്രകടമാണ്. കോഴിക്കോടിനും കണ്ണൂരിനുമിടയിൽ മൂന്ന് പ്ലാറ്റു ഫോമുകളുള്ള ഏക റെയിൽവേ സ്റ്റേഷൻ വടകരയാണ്. ലിഫ്റ്റും, എസ്‌കലേറ്ററും റിട്ടയറിംഗ് റൂമും വിസ്തൃതമായ പാർക്കിംഗ് ഏരിയയുമെല്ലാമായപ്പോൾ വടകരയുടെ മുഖഛായ മാറി. മലബാറിലെ എം.പിമാരിൽ സ്വന്തം നിയോജക മണ്ഡലം ഏറ്റവും ശ്രദ്ധിച്ച എം.പി മുല്ലപ്പള്ളിയായിരുന്നു. സി.പി.എമ്മിന്റെ പി. കരുണാകരനും (കാസർകോട്), പി.കെ ശ്രീമതി (കണ്ണൂർ) എന്നിവരാവും പട്ടികയിൽ തൊട്ടു പിന്നിൽ. 
ഏറ്റവും ഒടുവിൽ 2014ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എ.എൻ ഷംസീർ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ മാത്രമായിരുന്നു അദ്ദേഹത്തിന് ലീഡ്. കോഴിക്കോട് ജില്ലയിലെ സി.പി.എം ശക്തി ദുർഗമായ പേരാമ്പ്ര, നാദാപുരം സീറ്റുകളിൽ പോലും മുല്ലയുടെ സുഗന്ധം പടർന്നിരുന്നു. എറണാകുളത്തെ തിരുത ബാധ്യതയായി വീണ്ടും മത്സരിക്കാനെത്തുന്നത് പോലെയല്ല വടകര എം.പിയുടെ കാര്യം. അദ്ദേഹം മത്സരിക്കണമെന്ന് ആഗ്രഹിച്ചവരേറെയും സാധാരണക്കാരാണ്. 
ഇടതുപക്ഷ മുന്നണി കണ്ണൂർ ജില്ലാ സെക്രട്ടരിയായിരുന്ന പി. ജയരാജനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. തലശ്ശേരിക്കടുത്ത പാട്യമാണ് സി.പി.എമ്മിന്റെ ഈ മുതിർന്ന നേതാവിന്റെ ജന്മദേശം. ഇന്ത്യയിൽ പാർട്ടിയ്ക്ക് ഏറ്റവും ശക്തമായ സംവിധാനമുള്ള കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രബലനായ നേതാവ്. തലശ്ശേരി താലൂക്കിൽ നിന്നുള്ള മറ്റു കമ്യൂണിസ്റ്റ് നേതാക്കളിൽനിന്ന് തികച്ചും വ്യത്യസ്തൻ. മക്കളാരും ബഹുരാഷ്ട്ര കമ്പനികളിൽ ഉന്നത ഉദ്യോഗം വഹിക്കുന്നില്ല. വിമാന യാത്രയോട് കമ്പമില്ല. രാജ്യാന്തര ഐ.ടി സ്ഥാപനങ്ങളോട് താൽപര്യമില്ല. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന മക്കളുള്ള ഈ കമ്യൂണിസ്റ്റിന് സ്വന്തമായി എ.ടി.എം കാർഡ് പോലുമില്ലെന്നാണ് കേട്ടത്. 
രാഷ്ട്രീയ പ്രതിയോഗികൾ പല വിശേഷണങ്ങൾ നൽകി പ്രചാരണം നടത്തുമ്പോഴും സി.പി.എം അണികൾക്ക് ഏറ്റവും പ്രിയങ്കരനാണ് പി.ജെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി. ജയരാജൻ. പി.ജെ ഫാൻസ് തയാറാക്കിയ ആൽബം കുറച്ചു കാലം മുമ്പ് കണ്ണൂരിൽ ഏറെ വിവാദമായിരുന്നു. 
പി.ജെ വടകരയിൽ ആദ്യ റൗണ്ട് പ്രചാരണം പൂർത്തിയാക്കിയശേഷമാണ്  മുരളി രംഗത്തിറങ്ങുന്നത്. എന്നാൽ സ്ഥാനാർഥി കെ. മുരളീധരനാണെന്നത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഏപ്രിൽ 23വരെ ഇത് നിലനിർത്താനായാൽ കേരളം ഉറ്റുനോക്കുന്ന വടകര സീറ്റിലെ ഫലം പ്രവചനാതീതമാവും. 
ചുരികത്തലപ്പ് കൊണ്ട് പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും കഥകൾ രചിച്ച കടത്തനാടൻ മണ്ണിൽ തീ പാറുന്ന പ്രചാരണത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. 

 

Latest News