മുംബൈ: കഞ്ചാവ്, മയക്ക് മരുന്ന്, കള്ളപ്പണം, സ്വര്‍ണം എന്തിനധികം മനുഷ്യന്‍മാരെ വരെ അനധികൃതമായി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്താറുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ നിന്നും പിടിച്ച മലേഷ്യന്‍ യുവാവിന്റെ സ്യൂട്ട്‌കേസിലുണ്ടായിരുന്നത് ജീവനുള്ള മനുഷ്യ ഭ്രൂണമായിരുന്നു.
ഇതോടെ, കള്ളകടത്തിലെ പുതിയ സാധ്യതയെ കുറിച്ച് അന്വേഷണ0 ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ അധികൃതര്‍.
മാര്‍ച്ച് 16നാണ് മലേഷ്യന്‍ യുവാവിന്റെ ലഗേജിനിടയില്‍ നിന്ന് പെട്ടിയിലാക്കി ഒളിപ്പിച്ചിരുന്ന മനുഷ്യ ഭ്രൂണം കണ്ടെടുത്തത്. ഇതാദ്യമായല്ല ഇയാള്‍ മനുഷ്യ ഭ്രൂണം കടത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ഇയാളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ചെന്നെത്തിയത് ഗോറല്‍ ഗാന്ധി എന്ന ഡോക്ടര്‍ നടത്തുന്ന മുംബൈയിലുള്ള ഐവിഎഫ് ക്ലിനിക്കിലാണ്.
ഈ വാദം നിഷേധിച്ച ഗോറല്‍ ഗാന്ധി സ്ഥാപനത്തെ കരിവാരി തേയ്ക്കാന്‍ ആരോ മന:പൂര്‍വം ചെയ്യുന്നതാണിതെന്നും ആരോപിച്ചു.
എന്നാല്‍, ഈ ക്ലിനിക്കിലേക്കാണ് ഇവ എത്തിക്കേണ്ടിയിരുന്നതെന്നാണ് പിടിക്കപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥയും കേസന്വേഷകയുമായ റെബേക്ക ഗോണ്‍സാല്‍വ്‌സ് മുംബൈ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അടുത്ത കാലത്തായി ഇന്ത്യയിലെ ഐവിഎഫ് ചികിത്സയുടെ വളര്‍ച്ച നിരക്ക് വലിയ തോതില്‍ കൂടിയിട്ടുണ്ട്. ബീജങ്ങള്‍ ശേഖരിച്ച് ബീജസങ്കലനം നടത്തി സറോഗേറ്റിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന പ്രക്രിയയാണ് ഐവിഎഫ്.
ഇങ്ങനെ ശേഖരിക്കുന്ന ഭ്രൂണം വര്‍ഷങ്ങളോളം ഫ്രീസ് ചെയ്ത് സൂക്ഷിക്കാനും ബീജസങ്കലനം ചെയ്യാനും സാധിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതിയില്ലാതെ ഇന്ത്യയിലേക്ക് ഭ്രൂണങ്ങള്‍ കൊണ്ട് വരുന്നത് നിയമ വിരുദ്ധമാണ്.