പനജി- മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയില്‍ പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്ന് നിയസഭയില്‍ വിശ്വാസവോട്ടു തേടും. സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ബിജെപി തങ്ങളുടെ എംഎല്‍എമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റിയിരിക്കുകയാണ്. 40 അംഗ നിയമസഭയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിന് 21 അംഗങ്ങളുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസിന്റെ രണ്ടു എംഎല്‍എമാര്‍ രാജിവയ്ക്കുകയും പരീക്കര്‍ ഉള്‍പ്പെടെ ബിജെപിയുടെ രണ്ട് അംഗങ്ങള്‍ മരിക്കുകയും ചെയതതോടെ സഭയിലെ അംഗ സംഖ്യ 36 ആയിച്ചുരുങ്ങിയിരിക്കുന്നു. നിലവില്‍ ബിജെപി-12, സഖ്യകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എന്നിവര്‍ക്ക് മൂന്നു വീതവും സ്വതന്ത്രരുടെ മൂന്ന് സീറ്റുമാണ് സര്‍ക്കാരിന്റെ കക്ഷി നില. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന് 14 അംഗങ്ങളുണ്ട്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്കു കത്തു നല്‍കിയതിനെ തുടര്‍ന്ന് ബിജെപി തിരക്കിട്ട പ്രതിരോധ നീക്കങ്ങളാണ് നടത്തിയത്. പരീക്കര്‍ മരിച്ച തൊട്ടടുത്ത ദിവസം അര്‍ധരാത്രി തന്നെ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുകയും മൂന്ന് എംഎല്‍എമാര്‍ വീതം മാത്രമുള്ള രണ്ടു സഖ്യകക്ഷി നേതാക്കളെ ഉപമുഖ്യമന്ത്രിമാരായും നിയമിച്ചിരുന്നു.