റിയാദ് - താൻ അഴിമതിക്കാരനല്ലെന്നും അന്വേഷണ വിധേയമായി റിയാദ് റിട്‌സ് കാൾട്ടൻ ഹോട്ടലിൽ കസ്റ്റഡിയിൽ കഴിഞ്ഞ കാലത്ത് പീഡനങ്ങൾക്ക് വിധേയനായിട്ടുമില്ലെന്നും പ്രമുഖ സൗദി വ്യവസായി അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ പറഞ്ഞു.
റോട്ടാനാ ഖലീജിയ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അൽവലീദ് രാജകുമാരൻ. റിട്‌സ് കാൾട്ടൻ ഹോട്ടലിൽ വെച്ച് തനിക്ക് പീഡനങ്ങൾ നേരിട്ടു എന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ പച്ചക്കള്ളമാണ്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേതൃത്വം നൽകിയ അഴിമതി വിരുദ്ധ പോരാട്ടത്തെ താൻ ശക്തമായി പിന്തുണക്കുന്നു. സൗദി സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് തടഞ്ഞുനിർത്തിയ വിദഗ്ധനാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.
റിട്‌സ് കാൾട്ടൻ ഹോട്ടലിൽ കഴിഞ്ഞ കാലത്ത് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ താനുമായി ആശയവിനിമയങ്ങൾ നടത്തിയിരുന്നു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനിൽ നിന്ന് തനിക്ക് എഴുത്തുകുത്തുകളും ലഭിച്ചിരുന്നു. രാഷ്ട്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി താൻ കൂടിക്കാഴ്ചകളും നടത്തിയിരുന്നു. താൻ അഴിമതിക്കാരനല്ല. റിട്‌സ് കാൾട്ടൻ ഹോട്ടലിൽ കസ്റ്റഡിയിൽ കഴിഞ്ഞ എല്ലാവരും അഴിമതിക്കാരല്ല. ഇക്കാര്യം സൗദി ഗവൺമെന്റും അറ്റോർണി ജനറലും വ്യക്തമാക്കിയിട്ടുണ്ട്. റിട്‌സ് കാൾട്ടൻ ഹോട്ടലിൽ കഴിഞ്ഞ കാലത്തു തന്നെ അഴിമതി വിരുദ്ധ പോരാട്ടത്തെ താൻ പിന്തുണച്ചിട്ടുണ്ട്.
ഗവൺമെന്റുമായുണ്ടാക്കിയ ധാരണയിൽ താൻ സംതൃപ്തനാണ്. ഈ ധാരണയിൽ സർക്കാരും സംതൃപ്തമാണ്. ഇത് ഒരു ഒത്തുതീർപ്പ് ആയിരുന്നില്ല. ഇതിന്റെ വിശദാംശങ്ങൾ തനിക്കും ഗവൺമെന്റിനുമിടയിൽ രഹസ്യമായി നിലനിൽക്കുമെന്നും അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ പറഞ്ഞു.
പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് റിട്‌സ് കാൾട്ടൻ ഹോട്ടലിൽ കസ്റ്റഡിയിൽ കഴിഞ്ഞവർക്ക് ലഭിച്ചത്. എല്ലാവരെയും ബന്ധപ്പെട്ടവർ അങ്ങേയറ്റം ആദരിക്കുകയും മാനിക്കുകയും ചെയ്തു. ലക്ഷുറി സ്യൂട്ടിൽ ആണ് താൻ കഴിഞ്ഞിരുന്നത്. ലോകത്ത് എല്ലായിടത്തു നിന്നുമുള്ള വാർത്തകൾ താൻ നിരീക്ഷിച്ചിരുന്നു. കാൾട്ടൻ ഹോട്ടലിൽ നിന്ന് തന്നെ അൽഹായിൽ ജയിലിലേക്ക് മാറ്റിയെന്നും തന്നെ പീഡിപ്പിക്കുന്നതിന് അമേരിക്കയിൽ നിന്ന് അന്വേഷണ സംഘം എത്തിയെന്നും തന്നെ തല കീഴായി കെട്ടിയിട്ട് പീഡിപ്പിച്ചെന്നും മറ്റും പ്രചരിച്ച റിപ്പോർട്ടുകൾ കണ്ട് താൻ ചിരിക്കുകയായിരുന്നു.
താൻ മാത്രമല്ല, റിട്‌സ് കാൾട്ടൻ ഹോട്ടലിൽ കഴിഞ്ഞ ആരും പീഡനങ്ങൾക്ക് വിധേയരായിട്ടില്ല. ഹോട്ടലിൽ കഴിഞ്ഞ അവസാന കാലത്ത് തങ്ങൾക്കെല്ലാവർക്കും ഒരുമിച്ചാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. കസ്റ്റഡിയിൽ കഴിഞ്ഞവർ പീഡനങ്ങൾക്ക് വിധേയരായി എന്ന നിലക്ക് പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണ്.
പിതൃസഹോദരനായ സൽമാൻ രാജാവ് എനിക്കു വേണ്ടി പണം ചെലവഴിച്ചിരുന്നു. അമേരിക്കയിലെ വീട് വാങ്ങുന്നതിന് സൽമാൻ രാജാവ് തന്നെ സഹായിച്ചിട്ടുണ്ട്. സൽമാൻ രാജാവുമായുള്ള തന്റെ ബന്ധത്തിന് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. സൽമാൻ രാജാവ് റിയാദ് ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് തനിക്ക് രാജാവ് പ്രതിമാസ വേതനം വിതരണം ചെയ്തിരുന്നു. റിയാദിലെ കിംഗ്ഡം ടവർ നിർമാണത്തിന് തുടക്കത്തിൽ ചില പ്രതിബന്ധങ്ങൾ നേരിട്ടിരുന്നു. സൽമാൻ രാജാവിനെ നേരിട്ട് സമീപിച്ച് താൻ പ്രശ്‌നം വിശദീകരിച്ചു. കിംഗ്ഡം ടവർ നിർമാണവുമായി ബന്ധപ്പെട്ട് നീ നിയമം പാലിക്കുന്നുണ്ടോയെന്ന് സൽമാൻ രാജാവ് എന്നോട് ആരാഞ്ഞു. അതേയെന്ന് താൻ മറുപടി പറഞ്ഞയുടൻ സൽമാൻ രാജാവ് ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥനുമായി ഫോണിൽ ബന്ധപ്പെട്ട് അൽവലീദ് നിയമം പാലിക്കുന്നുണ്ടെങ്കിൽ നാളെ തന്നെ ടവർ നിർമാണത്തിന് ലൈസൻസ് അനുവദിക്കണമെന്ന് നിർദേശിച്ചു. തന്റെ സ്വത്തുവകകളുടെ പൂർണ നിയന്ത്രണം ഇപ്പോഴും തനിക്കു തന്നെയാണ്. തന്റെ ധന ഇടപാടുകൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല.
മുൻ ധനമന്ത്രിയും ഇപ്പോഴത്തെ വിദേശ മന്ത്രിയുമായ ഇബ്രാഹിം അൽഅസ്സാഫ് നിരപരാധിയാണെന്ന് പൂർണ ബോധ്യമുള്ളതിനാലാണ് അദ്ദേഹത്തിനു വേണ്ടി താൻ അധികൃതർക്കു മുന്നിൽ വാദിച്ചത്. അല്ലാതെ അദ്ദേഹം തന്റെ ബന്ധുവായതിനാലല്ലെന്നും അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ പറഞ്ഞു. റിട്‌സ് കാൾട്ടൻ ഹോട്ടലിൽ നിന്ന് വിട്ടയച്ച ശേഷം ഇബ്രാഹിം അൽഅസ്സാഫിനെ വിദേശ മന്ത്രിയായി നിയമിച്ചത് ഇതാണ് വ്യക്തമാക്കുന്നത്.
സൗദി ഭരണകൂടം സാമ്പത്തിക തകർച്ചയുടെ വക്കിലായിരുന്നു. ഇക്കാര്യം ഉണർത്തി താൻ അബ്ദുല്ല രാജാവിന് കത്തുകളയച്ചിരുന്നു. എന്നാൽ ഈ കത്തുകൾ രാജാവിന് കാണിച്ചുകൊടുക്കാതെ ഒരാൾ തടഞ്ഞുവെച്ചു. ഇതേത്തുടർന്ന് അക്കാലത്ത് കിരീടാവകാശിയായിരുന്ന സൽമാൻ രാജാവിന് താൻ കത്തെഴുതി. രാജാവിനുള്ള കത്ത് സൽമാൻ രാജാവിന്റെ കൈകളിലെത്തിക്കുന്നതിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് തന്നെ സഹായിച്ചത്.
ജമാൽ ഖശോഗി തന്റെ അടുത്ത മിത്രമായിരുന്നു. അഞ്ചു വർഷക്കാലം ജമാൽ ഖശോഗി തനിക്കൊപ്പം ജോലി ചെയ്തു. ഒരിക്കലും ആവർത്തിക്കുന്നതിന് പാടില്ലാത്ത പൈശാചികമായ കുറ്റകൃത്യത്തിനാണ് ജമാൽ ഖശോഗി വിധേയനായത്. ജമാൽ ഖശോഗി കേസ് രാഷ്ട്രീയവൽക്കരിക്കുന്നതിനാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രമിച്ചത്. ജമാൽ ഖശോഗിയുടെ കുടുംബവുമായി താൻ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഖശോഗി കേസിലെ പ്രതികളെ വിചാരണ ചെയ്യുന്നതിൽ കുടുംബാംഗങ്ങൾ പൂർണ തൃപ്തരാണ്.
ഖശോഗി കേസ് വിവാദമാക്കി മാറ്റുന്നതിന് ശ്രമിച്ചതിലൂടെ പാശ്ചാത്യ മാധ്യമങ്ങൾ സൗദി അറേബ്യക്ക് വലിയ സേവനമാണ് നൽകിയത്. സൗദി അറേബ്യക്കെതിരെ അവർ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടിയതിന് അനുസൃതമായി ജനങ്ങൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനു പിന്നിൽ കൂടുതൽ ശക്തമായി ഉറച്ചുനിന്നു. സൗദിയിൽ ഇപ്പോൾ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ 99 ശതമാനം വോട്ടുകൾ നേടി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിജയിക്കുമായിരുന്നെന്നും അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ പറഞ്ഞു.