മുംബൈ: വെള്ളിയാഴ്ച കാണാതായ പത്രാധിപരുടെ മൃതദേഹം പാലത്തിനു ചുവട്ടില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നിറങ്ങുന്ന 'ഇന്ത്യ അണ്‍ബൗണ്ട് ' എന്ന മാസികയുടെയും ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേയെ (44) യുടെ ജഡമാണ് കണ്ടെത്തിയത്. ഭീവണ്ടിയിലെ ഒരു പാലത്തിനുതാഴെ ഞായറാഴ്ചയാണ് പാണ്ഡേയുടെ മൃതദേഹം കണ്ടെത്തിയത്.പാണ്ഡേയുടെ സ്ഥാപനത്തിലെ ജേണലിസ്റ്റ് ട്രെയിനിയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
പത്രാധിപരുടെ പീഡനം സഹിക്കവയ്യാതെയാണ് കൊല നടത്തിയതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. രണ്ടുവര്‍ഷമായി പാണ്ഡേ തന്നെ ലൈംഗികമായി ചൂഷണംചെയ്യുന്നുണ്ടെന്നും പലവട്ടം അപേക്ഷിച്ചിട്ടും ഉപദ്രവം തുടര്‍ന്നെന്നും കേസില്‍ അറസ്റ്റിലായ യുവതി പോലീസിനോട് പറഞ്ഞു. സഹികെട്ടപ്പോള്‍ മാസികയുടെ പ്രസാധകന്റെ സഹായത്തോടെ കൊല നടത്തി. ഒരുസ്ഥലം കാണിച്ചുകൊടുക്കാനുണ്ടെന്നുപറഞ്ഞാണ് വെള്ളിയാഴ്ച പാണ്ഡേയെ ഭീവണ്ടിയിലേക്ക് കൊണ്ടുപോയത്. പാലത്തിന് താഴെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പ്രോട്ടീന്‍ പൗഡര്‍ വെള്ളത്തില്‍ കലക്കിനല്‍കി. ബോധം നഷ്ടമായ പാണ്ഡേയെ കഴുത്തുഞെരിച്ച് കൊന്നു. പ്രസാധകന്റെ സഹായത്തോടെ മൃതദേഹം പുഴയിലേക്ക് തട്ടുകയും ചെയ്തു.
ചെറുകിട പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നെങ്കിലും ആഡംബരജീവിതം നയിച്ചിരുന്നയാളാണ് പാണ്ഡേ. മീരാറോഡില്‍ ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന പാണ്ഡേ മുംബൈയിലെ രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥ പ്രമുഖരുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു.