ന്യൂദൽഹി- അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ ആവേശം നിറച്ച് കെ. മുരളീധരൻ വടകരയിൽ. സി.പി.എം നേതാവ് പി. ജയരാജനെ നേരിടാൻ കോൺഗ്രസ് രംഗത്തിറക്കിയത് കോൺഗ്രസിലെ കരുത്തനായ നേതാവിനെ. വടകരയിൽ കരുത്തനായ നേതാവ് തന്നെ വേണമെന്ന് ഹൈക്കമാന്റ് അവസാനനിമിഷം വരെ നിലപാട് സ്വീകരിച്ചതോടെയാണ് മുരളിക്ക് നറുക്കു വീണത്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ആവശ്യം അറിയിച്ച് ഹൈക്കമാന്റിന്റെ വിളിയെത്തിയത്. അതോടെ വടകരയിലേക്ക് മുരളി എത്തുകയായിരുന്നു. നിരവധി നേതാക്കളാണ് മുരളിക്ക് ആശംസയുമായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
മുരളീധരന് വടകരയിൽ അനായാസ വിജയമുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
എന്തുവില കൊടുത്തും വടകരയിൽ കടുത്ത മത്സരം തന്നെ മുന്നോട്ടുവെക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
അതേസമയം, വയനാട്ടിൽ ടി. സിദ്ദീഖും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂർ പ്രകാശും യു.ഡി.എഫ് സ്ഥാനാർഥികളാകും. ഇതോടെ കേരളത്തിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ യു.ഡി.എഫ് പ്രഖ്യാപിച്ചു.