ക്രൈസ്റ്റ്ചര്‍ച്ച്- ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ വലതുപക്ഷ തീവ്രവാദി മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത പള്ളികളില്‍ ഒന്നായ മസ്ജിദ് അല്‍ നൂറിനു നേര്‍ക്ക് നേരത്തെയും മുസ്ലിം വിരുദ്ധ തീവ്രവാദികളുടെ നീക്കമുണ്ടായതായി ന്യൂസിലന്‍ഡ് ഹെറള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. സെമിറ്റിക് മത വിരോധികളായ 20 പേരടങ്ങുന്ന ഒരു നിയോ നാസി തീവ്രവാദികളുടെ സംഘത്തിനുള്ളില്‍ മാത്രം പങ്കുവച്ച ഒരു വിഡിയോ ദൃശ്യമാണ് പുതിയ തെളിവായി ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫിലിപ് നെവില്‍ ആര്‍പ്‌സ് എന്നയാള്‍ മുസ്ലിംകള്‍ നിഷിദ്ധമായി ഗണിക്കുന്ന പന്നിയുടെ മാംസാവശിഷ്ടങ്ങളും തലകളും നിറച്ച പെട്ടികള്‍ മസ്ജിദ് അല്‍ നൂറില്‍ എത്തിക്കുന്ന ദൃശ്യമാണ് ഈ വിഡിയോയുടെ ഉള്ളടക്കം. 2016 മാര്‍ച്ചിലായിരുന്നു ഈ സംഭവം. ഇതിന്റെ പേരില്‍ കോടതിയില്‍ നിന്ന് 800 ഡോളര്‍ പിഴ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നതായും തീവ്രവാദികളുടെ ഗ്രൂപ്പില്‍ മാത്രം പ്രചാരണാര്‍ത്ഥം ഉപയോഗിച്ച ഈ വിഡിയോയില്‍ ആര്‍പ്‌സ് പറയുന്നുണ്ട്. പന്നി മാംസം പള്ളിയില്‍ കൊണ്ടിച്ച സംഭവത്തെ കുറിച്ചാണ് വിഡിയോയില്‍ അര്‍പ്‌സ് പ്രധാനമായും വിശദീകരിക്കുന്നത്.
ഇത് ബോധവൂര്‍വമുള്ള മുസ്ലിംകള്‍ക്കെതിരായ ഒരു ആക്രമണമായിരുന്നു എന്നായിരുന്നു ശിക്ഷ വിധിച്ച ജഡ്ജിയുടെ വാക്കുകളെന്നും വിഡിയോയില്‍ ആര്‍പ്‌സ് വിശദീകരിക്കുന്നുണ്ട്. വെളുത്തവരുടെ ശക്തി, എന്റെ കുടുംബം, എന്റെ ആളുകള്‍. നമുക്കീ തെണ്ടികളെ പുറത്താക്കാം. കൊന്നുകളയാം.. എന്ന ആക്രോഷവും വിഡിയോയിലുണ്ട്.
വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഫിലിപ് നെവില്‍ ആര്‍പ്‌സ്.
ഈ സംഭവം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച ഈ തീവ്രവാദി സംഘത്തിന്റെ പിന്തുണയുള്ള ഭീകരന്‍ അല്‍ നൂര്‍ മസ്ജിദിലും സമീപത്തെ മറ്റൊരു പള്ളിയിലുമായി ജമുഅ പ്രാര്‍ത്ഥനയ്‌ക്കെത്തിയ 50 മുസ്ലിംകളെ നിഷ്‌ക്കരുണം വെടിവച്ചു കൊലപ്പെടുത്തിയത്.