ലണ്ടന്‍- പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുട വായ്പാവെട്ടിപ്പ് നടത്തി മുങ്ങി ഇപ്പോള്‍ ലണ്ടനില്‍ ബിസിനസും സുഖവാസവുമായി കഴിയുന്ന വജ്രവ്യവസായി നീരവ് മോഡിക്കെതിരെ ലണ്ടനില്‍ അറസ്റ്റ് വാറന്റ്. വരും ദിവസങ്ങളില്‍ അദ്ദേഹം ഏതു നിമിഷവും അറസ്റ്റിലായേക്കാമെന്നാണ് റിപോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇന്ത്യന്‍ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അപേക്ഷയെ തുടര്‍ന്നാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടെ അറസ്റ്റ് വാറന്റ്. നീരവിനെ അറസ്റ്റ് ചെയ്ത് ഈ മാസം 25ന് കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇ.ഡി നീരവ് മോഡിയെ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഒപ്പുവച്ചിട്ടുണ്ട്.
നീരവ് മോഡി അറസ്റ്റിലായാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടെ പരിഗണനയിലുള്ള കുറ്റവാളിക്കൈമാറ്റ കേസില്‍ വിചാരണ ആരംഭിക്കും. ഇതിനു ശേഷമായിരിക്കും നീരവ് മോഡിയെ ഇന്ത്യയ്ക്കു കൈമാറുന്നതു സംബന്ധിച്ച് വിധി പറയുക. വിധി എതിരായാല്‍ അതു ചോദ്യം ചെയ്യാന്‍ നീരവിനു കഴിയും.
വ്യാജ ഈടുകള്‍ നല്‍കി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ വെട്ടിച്ചാണ് നീരവ് മോഡിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രഹസ്യമായി ഇന്ത്യ വിട്ടത്. മെഹുല്‍ ചോക്‌സി ഒരു കരീബിയന്‍ രാജ്യത്തുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നെങ്കിലും നീരവ് മോഡി എവിടെയാണെന്നതു സംബന്ധിച്ച് കൃത്യമായ വിവരം ഉണ്ടായിരുന്നില്ല. ലണ്ടനിലും ന്യൂയോര്‍ക്കും ഹോങ്കോങിലും ഉള്ളതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫ് വേഷം മാറി നടക്കുന്ന നീരവ് മോഡിയുടെ ചിത്രങ്ങള്‍ ലണ്ടന്‍ തെരുവില്‍ നിന്ന് പകര്‍ത്തി പുറത്തു വിട്ടത്. ലക്ഷങ്ങള്‍ വിലയുള്ള ജാക്കറ്റ് ധരിച്ചും പുതിയ മീശയും വച്ച് നടക്കുന്ന നീരവ് ലണ്ടനിലെ സമ്പന്നരുടെ പ്രദേശമായ വെസ്റ്റ് എന്‍ഡില്‍ പുതിയ വജ്ര ബിസിനസ് തുടങ്ങിയതായും ഇതിനു വേണ്ട നിയമപരമായ എല്ലാ സര്‍ക്കാര്‍ രേഖകളും ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി ആയിരിക്കെ സ്വന്തമാക്കിയതായും ടെലിഗ്രാഫ് റിപോര്‍ട്ട് ചെയ്തിരുന്നു.