മുംബൈ- സ്വീഡിഷ് ടെലികോം ഉപകരണ നിര്‍മ്മാണ കമ്പനിയായ എറിക്‌സണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 462 കോടി രൂപ നല്‍കി. നാലാഴ്ച്ചയ്ക്കുള്ളില്‍ ഈ പണം നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ കുറ്റത്തിന് മൂന്നു മാസം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം അനില്‍ അംബാനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ അന്ത്യശാസന കലാവധി തീരുന്നതിനു തൊട്ടുമുമ്പായാണ് അംബാനി സ്വീഡിഷ് കമ്പനിക്ക് വര്‍ഷങ്ങളായി നല്‍കാതിരുന്ന പണം നല്‍കി തടിതപ്പിയത്.
അനില്‍ അംബാനിയുടെ ആര്‍കോം 571 കോടി രൂപയാണ് എറിക്‌സണ് നല്‍കാനുണ്ടായിരുന്നത്. 550 കോടി ഒറ്റത്തവണയായും 21 കോടി പലിശ അടവുകളും ആയിരുന്നു. 2014-ലാണ് എറിക്‌സണുമായി ആര്‍കോം ഏഴു വര്‍ഷ കരാര്‍ ഒപ്പിട്ടത്. റിലയന്‍സ് നെറ്റ്‌വര്‍ക്ക് നടത്തുന്നതിനും പരിപാലിക്കുന്നതിനുമായിരുന്നു കരാര്‍. എന്നാല്‍ 2017-ല്‍ ആര്‍കോം ടെലികോം സര്‍വീസ് നിര്‍ത്തിയതോടെ കഴിഞ്ഞ വര്‍ഷമാണ് റിലയന്‍സ് 550 കോടി നല്‍കിയില്ലെന്ന് കാണിച്ച് എറിക്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചത്.