ന്യൂദല്‍ഹി- ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ജെറ്റ് എയര്‍ലൈന്‍സ് പ്രതിസന്ധി രൂക്ഷമാകുന്നു. കമ്പനിയുടെ പക്കലുള്ള 119 വിമാനങ്ങളില്‍ 60 എണ്ണവും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണിപ്പോള്‍. തിങ്കളാഴ്ച നാലു വിമാനങ്ങള്‍ കൂടി നിലത്തിറക്കിയതോടെയാണിത്. നിരവധി സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. ജെറ്റ് എയര്‍വേയ്‌സ് ഇപ്പോള്‍ നടത്തുന്ന സര്‍വീസുകളുടെ കൃത്യം എണ്ണം കമ്പനിയോ മറ്റു അധികൃതരോ വ്യക്തമാക്കുന്നില്ല.
ജെറ്റിന്റെ രാജ്യാന്തര ഓപറേഷന്‍ ഹബുകളിലൊന്നായ അബുദബിയിലേക്കും അവിടെ നിന്നുമുള്ള എല്ലാ സര്‍വീസുകളും തിങ്കളാഴ്ച മുതല്‍ അനശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. ജെറ്റ് എയര്‍വേയ്‌സില്‍ ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദ് എയര്‍വേയ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. ഓപറേഷന്‍ ബാധിച്ച കാരണങ്ങളാലാണിതെന്നും യാത്ര മുടങ്ങിയവര്‍ക്ക് മറ്റു ഇത്തിഹാദ് വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കിയിട്ടുണ്ടെന്നും അല്ലെങ്കില്‍ ടിക്കറ്റ് നിരക്ക് തിരിച്ചു നല്‍കുമെന്നും ഇത്തിഹാദ് വക്താവ് അറിയിച്ചു.
100 കോടി ഡോളറിലെ തുകയുടെ വന്‍ കടബാധ്യതയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സ് പലിശ തിരിച്ചടവിനും ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യുന്നതിനും പ്രയാസം നേരിട്ടു വരികയാണ്.
പൊതുമേഖലാ ബാങ്കുകളുമായും അബുദബിയിലെ ഇത്തിഹാദ് എയര്‍വേയ്‌സുമായി ചേര്‍ന്ന് കടബാധ്യത തീര്‍ക്കല്‍ പദ്ധതിക്ക് രൂപം നല്‍കിവരികയാണെന്ന് ജെറ്റ് മേധാവി നരേഷ് ഗോയല്‍ പറയുന്നു. ബാങ്കുകളുടെ കൂട്ടായ്മ ഒരാഴ്ചക്കകം രക്ഷാ പദ്ധതിക്ക് അന്തിമി രൂപം നല്‍കുമെന്നന് ജെറ്റിന് ഏറ്റവും കൂടുതല്‍ തുക വായ്പ നല്‍കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
ഈ പദ്ധതിയുടെ ചര്‍ച്ചകള്‍ക്കായി ഇത്തിഹാദ് സിഇഒ ടോണി ഡഗ്ലസ് എസ്ബിഐ മേധാവിയെ ഉടന്‍ കാണും. അടച്ചു പൂട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ അടിയന്തിരമായി 750 കോടി രൂപയുടെ സഹായം വേണെന്ന് ജെറ്റ് ഇത്തിഹാദിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിനകത്തേക്കും പുറത്തേക്കും ഏറ്റവും കൂടുതല്‍ പേരെ പറത്തുന്നത് ജെറ്റും ഇത്തിഹാദും ചേര്‍ന്നുള്ള സഖ്യമാണ്.