Sorry, you need to enable JavaScript to visit this website.

ധ്രുവ് രതിയുടെ പേജ് വിലക്ക് ഫെയ്‌സ്ബുക്ക് പിൻവലിച്ചു

ന്യൂദൽഹി- പ്രമുഖ സംഘ്പരിവാർ വിമർശകനും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് രതിയുടെ പേജിന് ഏർപ്പെടുത്തിയ വിലക്ക് ഫെയ്‌സ്ബുക്ക് പിൻവലിച്ചു.തന്റെ പേജിന് മുപ്പത് ദിവസത്തേക്ക് ഫെയ്‌സ്ബുക്ക് വിലക്കേർപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് ധ്രുവ് രതി ട്വീറ്റ് ചെയ്തത്. തെരഞ്ഞെടുപ്പിന് 30 ദിവസം മാത്രം ബാക്കി നിൽക്കെയാണ് പേജ് ബാൻ ചെയ്യപ്പെട്ടതെന്നും മോഡിയുടെ ഔദ്യോഗിക പേജ് ഉൾപ്പെടെയുള്ള ബി.ജെ.പിയുടെ പ്രധാന പേജുകളുടെ എൻഗേജ്‌മെന്റ് റേറ്റുകളേക്കാൾ മുന്നിൽ തന്റെ പേജ് നിൽക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വിലക്കെന്നും ഇത് യാദൃശ്ചികമല്ലെന്നും ധ്രുവ് രതി പറഞ്ഞിരുന്നു.  
അഡോൾഫ് ഹിറ്റ്‌ലറുടെ ജീവചരിത്രത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ധ്രുവ് രതി കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരുന്നു.  ഫെയ്‌സ്ബുക്കിൽ  ചുവന്ന വരയിൽ താൻ രേഖപ്പെടുത്തിയ ഭാഗങ്ങൾ വായിക്കൂ' എന്ന് പറഞ്ഞായിരുന്നു ചില പാരഗ്രാഫുകൾ അദ്ദേഹം പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു് ഫെയ്‌സ്ബുക്ക് ധ്രുവിന്റെ പേജിന് വിലക്കേർപ്പെടുത്തിയത്.
ഈ പോസ്റ്റ് ഫെയ്‌സ്ബുക്കിന്റെ നയങ്ങൾക്കെതിരാണെന്ന് പറഞ്ഞാണ്  പേജിന് വിലക്ക് ഏർപ്പെടുത്തിയതെന്നും എന്നാൽ ആക്ഷേപകരമോ അപമാനകരോ ആയ ഒരു വാക്കുപോലും ആ പോസ്റ്റിൽ ഇല്ലെന്നും ധ്രുവ് രതി വ്യക്തമാക്കിയിരുന്നു.
ബ്രിട്ടാനിക എൻസൈക്ലോപീഡിയ നൽകിയ വിവരങ്ങൾ ആളുകളുമായി പങ്കുവെക്കുന്നത് എങ്ങനെ ഫേസ്ബുക്ക് നയങ്ങൾക്ക് എതിരാകുമെന്നും ധ്രുവ് രതി ട്വിറ്ററിൽ ചോദിച്ചിരുന്നു.
ഇതിന് പിന്നാലെ തന്നെ ധ്രുവ് രതിയുടെ ഫേസ്ബുക്ക് പേജിന് ഏർപ്പെടുത്തിയ വിലക്ക് ഫെയ്‌സ്ബുക്ക് പിൻവലിച്ചു. ചില തെറ്റിദ്ധാരണകൾകൊണ്ട് സംഭവിച്ചതാണെന്നും പരിശോധനകൾക്ക് ശേഷം പേജ് പുനസ്ഥാപിച്ചെന്നും ഒരു തരത്തിലുള്ള ബ്ലോക്കുകളും പേജിനില്ലെന്നും താങ്കൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദം അറിയിക്കുന്നെന്നുമായിരുന്നു ഫെയ്‌സ്ബുക്ക് ധ്രുവ് രതിയ്ക്ക് നൽകിയ മറുപടി.
ഇതിന് പിന്നാലെ പേജ് ആക്ടീവായതായി ധ്രുവ് രതി അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ ക്ഷമാപണം ഉൾപ്പെടെയുള്ള സ്‌ക്രീൻ ഷോട്ടുകളും ധ്രുവ് രതി ഷെയർ ചെയ്തിട്ടുണ്ട്.
സംഘ്പരിവാറിനെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഒറ്റക്ക് പോരാട്ടം നടത്തുന്ന വ്യക്തിയാണ് ധ്രുവ് രതി എന്ന ചെറുപ്പക്കാരൻ. യൂട്യൂബിലൂടേയും, ഫേസ്ബുക്കിലൂടേയുമാണ് ധ്രുവ് രതിയുടെ പോരാട്ടം.
ആളുകളെ ബോധവാന്മാരാക്കാനാണ് താൻ യൂട്യൂബ് വീഡിയോകൾ നിർമ്മിക്കുന്നതെന്ന് ധ്രുവ് രതി വ്യക്തമാക്കിയിരുന്നു. 1.7 മില്യൺ ഫോളോവേഴ്‌സാണ് ധ്രുവ് രതിയുടെ യൂട്യൂബ് ചാനലിനുള്ളത്. യൂ ട്യൂബ് ചാനലിന്റെ എബൗട്ട് മീ സെക്ഷനിൽ ചാനലിന്റെ ലക്ഷ്യമായി പറയുന്നത് ' ജനങ്ങൾക്കിടയിൽ വിമർശനാത്മക ചിന്തയും ബോധവത്കരണം സൃഷ്ടിക്കുക' എന്നതാണ്. 504,000 ഫോളോവേഴ്‌സാണ് ഫെയ്‌സ്ബുക്കിൽ ധ്രുവിനുള്ളത്. ട്വിറ്ററിൽ 2,20000 പേരും.
 

Latest News