Sorry, you need to enable JavaScript to visit this website.

കാറിന്റെ ഡിക്കിയിലിട്ട് യുവതിയുടെ മൃതദേഹം മഞ്ചേരിയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മലപ്പുറം- കാന്‍സര്‍ ചികിത്സയ്ക്കിടെ മരിച്ച കര്‍ണാടക ദാദര്‍ ജില്ലക്കാരിയായ യുവതിയുടെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളെജില്‍ നിന്ന് കാറിന്റെ ഡിക്കിയിലിട്ട് മഹാരാഷ്ട്രയിലെ ബന്ധുവീട്ടിലേക്കു കൊണ്ടു പോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളെജ് സുപ്രണ്ടും ജില്ലാ കലക്ടറും മൂന്നാഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. കര്‍ണാടകയിലെ ദാദര്‍ ജില്ലയിലെ വിടായി സ്വദേശി ചന്ദ്രകല(48) കാന്‍സര്‍ ചികിത്സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിയതായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളെജിലേക്കു മാറ്റിയത്. വെള്ളിയാഴ്ചയാണ് ചന്ദ്രകല മരിച്ചത്. 

തുടര്‍ന്ന് മൃതദേഹം മഹാരാഷ്ട്രയിലെ ബന്ധുവീട്ടിലെത്തിക്കാന്‍ ഭര്‍ത്താവും കൂടെ ഉള്ള ബന്ധുക്കളും മഞ്ചേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ സമീപിച്ചിരുന്നു. വാടക അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആംബുലന്‍സിനു വരുന്ന ഭാരിച്ച ചെലവിന് കയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ച് ആംബുലന്‍സിനുള്ള പണം കണ്ടെത്താന്‍ ഭര്‍ത്താവ് ശ്രമം നടത്തി. എന്നാല്‍ മതിയായ പണം സ്വരൂപിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടില്‍ നിന്നെത്തിച്ച കാറിന്റെ ഡിക്കിയിലാണ് ശനിയാഴ്ച മൃതദേഹം കൊണ്ടു പോയത്. മൃതദേഹം കൊണ്ടു പോകുന്നതിന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി പത്രം വാങ്ങുകയും ചെയ്തിരുന്നു. 

ശനിയാഴ്ച വൈകുന്നേരമാണ് മെഡിക്കല്‍ കോളെജില്‍ നിന്നും മൃതദേഹം കാറിലേക്കു മാറ്റുന്നത് ആംബുലന്‍സ് ഡ്രൈവര്‍മാറുടെ ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹത്തിന്റെ കാലുകള്‍ മടക്കിവച്ചാണ് ഡിക്കിയില്‍ വച്ചത്. ഈ നിസ്സഹായാവസ്ഥ കണ്ട ആംബുലെന്‍സ് ഡ്രൈവര്‍മാര്‍ ഇന്ധന ചെലവ് മാത്രം നല്‍കിയാല്‍ കൊണ്ടു പോകാമെന്ന് അറിയിച്ചതായും പറയപ്പെടുന്നു. മെഡിക്കല്‍ കോളെജില്‍ ആംബുലന്‍സ് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആംബുലന്‍സിലാണ് കൊണ്ടു പോകുന്നത് എന്ന ധാരണയിലാണ് എംബാം ചെയ്യാതെ മൃതദേഹം വിട്ടു കൊടുത്തതെന്നും അധികൃതര്‍ പറഞ്ഞു. യാത്രാ സഹായം തേടിയിരുന്നില്ലെന്നും മെഡിക്കല്‍ കോളെജ് അധികൃതര്‍ പറഞ്ഞു.

സ്വാഭാവിക മരണമാണെന്നു വ്യക്തമായതിനാലാണ് പോലീസ് അനുമതി പത്രം നല്‍കിയതെന്നും മൃതദേഹം എങ്ങനെയാണ് കൊണ്ടു പോകുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നില്ലെന്നും മഞ്ചേരി സിഐ എന്‍ ബി ബിജു പറഞ്ഞു. അവര്‍ യാത്രാ സഹായം തേടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം മഹാരാഷ്ട്രയിലെത്തിക്കാന്‍ 45,000 രൂപയാണ് ആംബുലന്‍സുകാര്‍ വാടക ചോദിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
 

Latest News