പനാജി- മനോഹർ പരിക്കറിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന ഗോവയിൽ പുതിയ മുഖ്യമന്ത്രിയെ ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ പ്രഖ്യാപിക്കുമെന്ന് ഗോവ ബി.ജെ.പി നേതാവ് വിനയ് ടെണ്ടുൽക്കർ പറഞ്ഞു. അതേസമയം, ഗോവ സ്പീക്കർ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടി(എം.ജി.പി), ഗോവ ഫോർവേർഡ് പാർട്ടി എന്നിവർ വ്യക്തമാക്കി. സഖ്യകക്ഷികൾക്കിടയിൽ തീരുമാനമാകുന്നത് വരെ അസംബ്ലി സസ്‌പെൻഡ് ചെയ്യണമെന്നും ഈ പാർട്ടികൾ ആവശ്യപ്പെട്ടു. മനോഹർ പരിക്കറിന്റെ നിര്യാണത്തിന് ശേഷം ബി.ജെ.പി നേതാവ് നിഥിൻ ഗഡ്കരി സഖ്യകക്ഷി നേതാക്കളെ കണ്ടിരുന്നു.
ജി.എഫ്.പി, എം.ജി.പി, മൂന്ന് സ്വതന്ത്രർ എന്നിവർ വിജയ് സർദേശായിയുടെ വീട്ടിൽ ഇന്നലെ രാത്രി യോഗം ചേർന്നിരുന്നു. പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കാമെന്ന് ബി.ജെ.പി നിർദ്ദേശിച്ചെങ്കിലും ഇവർ അംഗീകരിച്ചില്ല. വിനയ് ടെണ്ടുൽക്കറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് സഖ്യകക്ഷികളുടെ ആവശ്യം.
അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വീണ്ടും ഗവർണർ മൃദുല സിൻഹയെ സമീപിച്ചു. 14 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. നാൽപത് അംഗങ്ങളുള്ള ഗോവ നിയമസഭയിൽ നിലവിൽ നാലു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. പരിക്കറിന്റെ മരണശേഷം ബി.ജെ.പിയും സഖ്യകക്ഷികൾ 21, കോൺഗ്രസും സഖ്യകക്ഷികളും പതിനഞ്ച് എന്നിങ്ങനെയാണ് സ്ഥിതി. നാലു സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.