ന്യൂദൽഹി- ഇരുപത് വർഷം കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചപ്പോൾ ലഭിച്ചതിനേക്കാൾ കൂടുതൽ സ്‌നേഹം ഒരാഴ്ചക്കകം തന്നെ ബി.ജെ.പിയിൽനിന്ന് ലഭിക്കുന്നതായി ടോം വടക്കൻ. ബി.ജെ.പിയിലേക്ക് ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ തന്റെ പാർട്ടി മാറ്റം സഹായകരമാകുമെന്നും വടക്കൻ വ്യക്തമാക്കി. ബി.ജെ.പിയിൽ ചേരാൻ കൂടുതൽ പേർ തയ്യാറായി നിൽക്കുകയാണെന്നും ചർച്ച നടക്കുകയാണെന്നും ടോം വടക്കൻ പറഞ്ഞു.
തന്നെ അറിയില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല മകന്റെ കല്യാണത്തിന് തന്നെ ക്ഷണിച്ചതാണെന്നും അറിയില്ലെങ്കിൽ എങ്ങിനെയാണ് കല്യാണത്തിന് ക്ഷണിച്ചതെന്നും ടോം വടക്കൻ പറഞ്ഞു. ബി.ജെ.പിയിൽ ചേരാൻ നേരത്തെ ക്ഷണിച്ചതാണെന്നും തന്റെ ട്വീറ്റ് ശ്രദ്ധിക്കേണ്ടതില്ലെന്നും വടക്കൻ വ്യക്തമാക്കി. വക്താവ് എന്ന നിലയിലാണ് ട്വീറ്റ് ചെയ്യുന്നതെന്നും അത് ജോലിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൽനിന്ന് കൂടുതൽ പേർ പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. കെ.പി.സി.സി എക്‌സിക്യുട്ടിവ് അംഗങ്ങൾ വരെ ബി.ജെ.പിയിൽ ചേരുമെന്നും കൂടുതൽ പ്രവർത്തകർ പാർട്ടിയിൽ എത്തുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.