Sorry, you need to enable JavaScript to visit this website.

മുഹ്‌സിൻ അൽഹർബിയുടെ  മൃതദേഹം മദീനയിൽ ഖബറടക്കും

ഫിറാസ് അൽഹർബി പിതാവ് മുഹ്‌സിൻ അൽഹർബിക്കൊപ്പം (വലത്ത്). 

റിയാദ് - ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് അൽനൂർ മസ്ജിദിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൗദി പൗരൻ മുഹ്‌സിൻ മുഹമ്മദ് അലി അൽഹർബിയുടെ മൃതദേഹം മദീന ജന്നത്തുൽ ബഖീഅ് ഖബർസ്ഥാനിൽ മറവു ചെയ്യും. മൃതദേഹം സൗദിയിൽ എത്തിക്കുന്നതിനും മദീനയിൽ ഖബറടക്കുന്നതിനും എല്ലാനിലയിലും സഹായിച്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരനും അങ്ങേയറ്റത്തെ കൃതജ്ഞത രേഖപ്പെടുത്തുന്നതായി മകൻ ഫിറാസ് മുഹ്‌സിൻ അൽഹർബി പറഞ്ഞു. 
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് ഇന്നലെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ അറിയിച്ചിരുന്നു. 
വെടിവെയ്പ്പിൽ ഗുരുതരമായ പരിക്കേറ്റ മുഹ്‌സിൻ അൽഹർബിയെ സ്‌ട്രെച്ചറിൽ ആംബുലൻസിലേക്ക് മാറ്റുമ്പോൾ അദ്ദേഹത്തിന്റെ വിരൽ ആകാശത്തേക്ക് ചൂണ്ടിയിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. 
തന്റെ പിതാവ് മാതൃകാപരമായി ജീവിച്ചാണ് 61 ാം വയസ്സിൽ ലോകത്തോട് വിടപറഞ്ഞതെന്ന് ഫിറാസ് അൽഹർബി പറഞ്ഞു. പള്ളിയിൽ പാർട് ടൈം ഇമാം കൂടിയായി സേവനം ചെയ്തിരുന്ന അദ്ദേഹം ദൈവഭയമുള്ള മുസ്‌ലിമായിരുന്നു. പള്ളി പരിചരിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം എട്ട് മണിക്കൂറിന് ശേഷമാണ് പിതാവ് മരിച്ചതെന്നും ഫിറാസ് അൽഹർബി പറഞ്ഞു. 
അലംഘനീയമായ ദൈവവിധിയിൽ കുടുംബം സമാധാനിക്കുകയാണെന്നും മകൻ കൂട്ടിച്ചേർത്തു.
പരിക്കേറ്റവരുടെ കൂട്ടത്തിൽ ജോർദാൻ സ്വദേശിനിയായ ഭാര്യ മനാൽ ഇദ്ദേഹത്തെ തെരഞ്ഞിരുന്നു. പള്ളിക്കകത്ത് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടപ്പോൾ ഹൃദ്രോഗിയായ ഇവർ ആകെ തകർന്നുപോയി. ജോർദാനിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതനുസരിച്ച് ആശുപത്രിയിൽ എത്തിയ ഭാര്യ സഹോദരൻ ബദർ ദുഖാൻ ആണ് മുഹ്‌സിൻ അൽഹർബി മരിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ കുടുംബത്തിനെ സമാശ്വസിപ്പിക്കാൻ നിരവധി പേർ മുന്നോട്ടുവന്നു. 25 വർഷമായി ന്യൂസിലാൻഡിൽ ജീവിച്ചുവരികയായിരുന്നു മുഹ്‌സിൻ അൽഹർബി. ബ്രിട്ടീഷ് പൗരത്വം നേടിയിരുന്ന ഈ മദീന നിവാസി കടൽജല ശുദ്ധീകരണ മേഖലയിലാണ് ജോലി ചെയ്തിരുന്നത്.  

Latest News