പനാജി- വിദ്വേഷം വളര്‍ത്തുന്ന തീപ്പൊരി നേതാക്കള്‍ ബി.ജെ.പിയില്‍ ധാരാളുമുണ്ടെങ്കിലും അക്കൂട്ടത്തില്‍ പെടാത്ത സൗമ്യനായ നേതാവാണ് അന്തരിച്ച മനോഹര്‍ പരീക്കര്‍. ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിച്ച അദ്ദേഹം അവരുടെ മനസ്സുകള്‍ കീഴടക്കി. നാലുതവണ മുഖ്യമന്ത്രിയായ പരീക്കര്‍ ലളി ജീവിത ശൈലി കൊണ്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ ശ്രദ്ധ ചെലുത്തിയുമാണ് ക്രൈസ്തവ ഭൂരിപക്ഷമുള്ള ഗോവയില്‍ സ്വന്തം വേരുറപ്പിച്ചത്. കോണ്‍ഗ്രസിന് പ്രാമുഖ്യമുണ്ടായിരുന്ന സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റത്തിന് ചുക്കാന്‍ പിടിച്ചവരില്‍ മുന്‍പന്തിയിലാണ് പരീക്കറിന്റെ സ്ഥാനം.
സാധാരാണ പാര്‍ട്ടി പ്രവര്‍ത്തകനായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന അദ്ദേഹം പലപ്പോഴും സ്‌കൂട്ടറിന്റെ പിറകിലിരുന്നാണ് യാത്ര ചെയ്യാറുള്ളത്. അസുഖം ബാധിക്കുന്നതുവരെ എണ്ണയിട്ട യന്ത്രം പോലെ ചുറുചുറുക്കോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ദിവസവും 16-18 മണിക്കൂറോളം ജോലി ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്ന് പരീക്കര്‍ പറയാറുണ്ട്.
പാന്‍ക്രിയാസിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ഗോവ, മുംബൈ, ദല്‍ഹി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സ നേടിയ അദ്ദേഹം ഏതാനും മാസങ്ങളായി മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് അപൂര്‍വമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 1978ല്‍ ബോംബെ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയിട്ടുണ്ട്.
മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചപ്പോഴത്തെ മികവും സാങ്കേതിക പശ്ചാത്തലത്തിലുള്ള വൈദഗ്ധ്യവും കണക്കിലെടുത്താണ് 2014ല്‍ പരീക്കറെ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടത്. വൈമുഖ്യത്തോടെയാണ് അദ്ദേഹം സംസ്ഥാനത്തെ വിട്ടു ദല്‍ഹിയിലേക്ക് തിരിച്ചത്. തനിക്ക് ഗോവയിലെ ചോറും മത്സ്യവും മതിയെന്ന് പറഞ്ഞിരുന്ന പരീക്കര്‍ മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ഗോവയില്‍ മുഖ്യമന്ത്രിയായി തിരികെയെത്തി.
ആര്‍.എസ്.എസ് പ്രചാരകനായി പ്രവര്‍ത്തിച്ച ശേഷമാണ് ബി.ജെ.പി. രാഷ്ട്രീയത്തില്‍ സജീവമായത്. 1994 ലാണ് ആദ്യമായി പനാജി നിയോജകമണ്ഡലത്തില്‍നിന്ന് മത്സരിച്ചത്. 2000 ഒക്ടോബര്‍ 24-ന് ഗോവ മുഖ്യമന്ത്രിയായി. നാലുതവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവി വഹിച്ചു.