പനജി- ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ നില തീര്‍ത്തും മോശമായതോടെ ബിജെപി സര്‍ക്കാരിനെ സംരക്ഷിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍. ബിജെപി കേന്ദ്ര നേതൃത്വം രണ്ടു നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി എംഎല്‍എമാര്‍ ആരും സംസ്ഥാനം വിട്ടു പോകരുതെന്നാണ് നിര്‍ദേശം. പരീക്കര്‍ക്കു പകരക്കാരനില്ലാത്തതാണ് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. ഒരു ബിജെപി എംഎല്‍എ കഴിഞ്ഞ മാസം മരിച്ചതോടെ പാര്‍ട്ടിയുടെ സീറ്റ്ു നില 13ല്‍ എത്തിയിരുന്നു. ഇത് ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് 14 സീറ്റുള്ള കോണ്‍ഗ്രസ്.
അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിംഗബര്‍ കാമത്തിനെ വലിച്ച് ബിജെപി സര്‍ക്കാരിന്റെ പുതിയ മുഖ്യമന്ത്രിയായി അവരോധിക്കാന്‍ നീക്കം നടക്കുന്നതായും അഭ്യൂഹമുണ്ട്. ഇതിനിടെ കാമത്ത് സ്വകാര്യ ആവശ്യത്തിനെന്നു പറഞ്ഞ് ദല്‍ഹിയിലേക്കു തിരിച്ചത് അഭ്യൂഹം ശക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാവായിരിക്കെ 2005ല്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ആളാണ് ദിംഗബര്‍ കാമത്ത്. 2007 മുതല്‍ 12 വരെ അദ്ദേഹം ഗോവയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു. അതേസമയം താന്‍ ബിജെപിയിലേക്കു പോകുന്നുവെന്ന വാര്‍ത്തകളെ കാമത്ത് നിഷേധിച്ചു. ബിജെപിയില്‍ ചേരുക എന്നാല്‍ രാഷ്ട്രീയ ആത്മഹത്യയാണെന്നായിരുന്നു കാമത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് ഗോവ സംസ്ഥാന അധ്യക്ഷനും ഈ റിപോര്‍്ട്ടുകളെ തള്ളിയിട്ടുണ്ട്.
പരീക്കറുടെ നില വഷളായതിനു പിന്നാലെ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചും കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക്് കത്ത് നല്‍കിയതിനു പിന്നാലെയാണ് ബിജെപി തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചത്.
ഒരു ബിജെപി എംഎല്‍എയുടെ മരണവും രണ്ടു എംഎല്‍എമാരുടെ രാജിയും കാരണം 40 അംഗ സഭയിലെ അംഗ സഖ്യ 37 ആയി കുറഞ്ഞതോടെ ഭൂരിപക്ഷ അംഗസംഖ്യ 19 ആയി കുറഞ്ഞിരിട്ടുണ്ട്. ഇത് ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 14 അംഗങ്ങളുല്ല കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ബിജെപിക്കൊപ്പമുള്ള സഖ്യ കക്ഷികളെ കൂടെ കൂട്ടാനാണ് കോണ്‍ഗ്രസ് നീക്കം. മൂന്ന് വീതം സീറ്റുള്ള രണ്ടു പാര്‍ട്ടികളുടേയും ഒരു സ്വതന്ത്രന്റേയും പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.