ന്യുദല്‍ഹി- ഇന്ത്യയിലെ പ്രഥമ ലോക്പാല്‍ ആയി മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ തെരഞ്ഞെടുത്തായി റിപോര്‍ട്ട്. രാജ്യത്തെ ഏറ്റവും കുരുത്തുറ്റ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ ആയിരിക്കും ലോക്പാല്‍. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കര്‍, ഒരു പ്രമുഖ നിയമജ്ഞന്‍ എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പു സമിതിയാണ് ലോക്പാലിന്റെ പേര് വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ലോക്പാല്‍ തെരഞ്ഞെടുപ്പു സമിതിയുടെ പരിഗണനയിലുണ്ടായിരുന്ന പട്ടികയിലെ പ്രമുഖരില്‍ ഒരാളായിരുന്നു ജസ്റ്റിസ് ഘോഷ്. നാലു വര്‍ഷം സുപ്രീം കോടതി ജഡ്ജിയായ ഘോഷ് 2017 മേയിലാണ് വിരമിച്ചത്. ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാണ്. വിജ്ഞാപനമിറക്കി അഞ്ചുവര്‍ഷത്തിനു ശേഷമാണ് ആദ്യമായി ലോക്പാല്‍ നിയമിതനാകുന്നത്. നേരത്ത ഫെബ്രുവരി അവസാനത്തോടെ ലോക്പാല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2013-ലാണ് ലോക്പാല്‍ നിയമം പാസാക്കിയത്.
എന്താണ് ലോക്പാല്‍?
സംസ്ഥാനങ്ങളില്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന ലോകായുക്ത മാതൃകയിലുള്ള കേന്ദ്ര സ്ഥാപനമാകും ലോക്പാല്‍. അഴിമതി തടയുന്നതിന് വിപുലമായ അധികാരങ്ങളാണ് ലോക്പാലിനുള്ളത്. അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപന ഉദ്യോഗസ്ഥര്‍ക്കുമെതിരായ അഴിമതി പരാതികള്‍ അന്വേഷിക്കാനുള്ള അധികാരം ലോക്പാലിനുണ്ട്. കൂടാതെ ഒരു വര്‍ഷം 10 ലക്ഷത്തിലേറെ വിദേശ സഹായം കൈപ്പറ്റുന്ന സര്‍ക്കാരിതര സംഘടനകളുടെ മുഖ്യ ജീവനക്കാര്‍ക്കെതിരെ വരുന്ന പരാതികളും അന്വേഷിക്കാന്‍ ലോക്പാലിനു അധികാരമുണ്ട്.
കേന്ദ്ര വിജിലന്‍സ് കമ്മീഷനുമായി ചേര്‍ന്നാണ് ലോക്പാല്‍ പ്രവര്‍ത്തിക്കുക. അഴിമതി തടയല്‍ നിയമ പ്രകാരമുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളോട് ഉത്തരവിടാനും ലോക്പാലിന് അധികാരമുണ്ട്.