Sorry, you need to enable JavaScript to visit this website.

മുസ്ലിം-ദളിത്-യാദവ സഖ്യം യുപിയിലെ ഈ 47 മണ്ഡലങ്ങളില്‍  ബിജെപിയെ വെള്ളംകുടിപ്പിക്കും

ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ സംഘപരിവാറിനെതിരെ ഉയര്‍ന്നുവന്ന പുതിയ മുസ്ലിം-ദളിത്-യാദവ രാഷ്ട്രീയ സഖ്യം 47 മണ്ഡലങ്ങളില്‍ ബിജെപിയെ വെള്ളംകുടിപ്പിക്കുമെന്ന് പ്രമുഖ രാജ്യാന്തര ഏജന്‍സിയായ സി-വോട്ടര്‍ ഇന്ത്യാ ടുഡേയ്ക്കു വേണ്ടി നടത്തിയ സര്‍വെ ഫലം. യുപിയിലെ ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടി(എസ്.പി)യും ബഹുജന്‍ സമാജ് പാര്‍ട്ടി(ബി.എസ്.പി)യും ഒന്നിച്ചതോടെയാണ് വിശാലമായ മുസ്ലിം-ദളിത്-യാദവ ഐക്യമുണ്ടായത്. ബിഎസ്പി 38 മണ്ഡലങ്ങളിലും എസ്.പി 37 മണ്ഡലങ്ങളിലും ഇവരുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദള്‍ മൂന്ന് സീറ്റിലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ കുടുംബ തട്ടകങ്ങളായ രണ്ടു മണ്ഡലങ്ങള്‍ ഇവര്‍ ഒഴിച്ചിട്ടിരിക്കുകയാണ്. 

യുപിയിലെ 80 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 47 ഇടങ്ങളില്‍ ഈ സഖ്യം ബിജെപിയെ തറപറ്റിക്കാന്‍ സാധ്യതകള്‍ ഏറെയാണെന്ന് സി-വോട്ടറിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ 47 മണ്ഡലങ്ങളിലും മുസ്ലിം-ദളിത്-യാദവ വോട്ടര്‍മാരുടെ എണ്ണം 50 ശതമാനത്തിനു മുകളിലാണ്. യുപിയിലെ എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും 40 ശതമാനത്തിലേറെ മുസ്ലിം-ദളിത്-യാദവ വോട്ടര്‍മാരുണ്ടെന്നും സി-വോട്ടര്‍ സര്‍വെ പറയുന്നു. 

ജാതി സമവാക്യങ്ങളിലാണ് ഈ സഖ്യത്തിന്റെ വിജയസാധ്യത. ഈ സമവാക്യങ്ങള്‍ കൃത്യമായാല്‍ മാത്രമെ ഏതൊരു പാര്‍ട്ടിക്കും യുപിയില്‍ ജയിക്കാനാകൂ. എസ്.പി-ബിഎസ്പി സഖ്യത്തിന്റെ വലിയൊരു പ്രത്യേക മുസ്ലിം-ദളിത്-യാദവ സമവാക്യമാണ്. 2011-ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം യുപിയില്‍ ജനസംഖ്യയുടെ 19 ശതമാനം മുസ്ലിംകളും 21 ദളിതരുമുണ്ട്. മറ്റു പിന്നാക്ക സമുദായങ്ങളുടേയും പൊതുവിഭാഗങ്ങളുടേയും ജാതി തിരിച്ചുള്ള കണക്കുകള്‍ സെന്‍സസ് നല്‍കുന്നില്ല. എങ്കിലും യുപിയിലെ യാവദ ജനസംഖ്യ 9-10 ശതമാനം വരെ ഉണ്ടെന്നാണ് നിരീക്ഷകരുടെ കണക്കുകള്‍. മുസ്ലിം-ദളിത്-യാദവ വിഭാഗങ്ങള്‍ ഒന്നിച്ചാല്‍ യുപിയിലെ മൊത്തം ജനസംഖ്യയുടെ പകുതിയോളം വരും. ദളിത് പിന്തുണയാണ് ബിജെപിയുടെ പിന്‍ബലം. യാദവ, മുസ്ലിം വിഭാഗങ്ങള്‍ രണ്ടു പതിറ്റാണ്ടായി തങ്ങള്‍ക്കൊപ്പമാണെന്ന് എസ്.പിയും അവകാശപ്പെടുന്നു.

യുപിയിലെ 80 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 10 സീറ്റുകളില്‍ മുസ്ലിം-ദളിത്-യാദവ ജനസംഖ്യ 60 ശതമാനത്തില്‍ ഏറെയാണ്. അസംഗഢ്, ഘോസി, ദൊമരിയാഗഞ്ച്, ഫിറോസാബാദ്, ജൗന്‍പൂര്‍, അംബേദ്കര്‍ നഗര്‍, ഭദോഹി, ബിജ്‌നോര്‍, മോഹന്‍ലാല്‍ഗഞ്ച്, സിതാപൂര്‍ എന്നിവയാണ് ഈ മണ്ഡലങ്ങള്‍. എസ്.പി നേതാവ് മുലായം സിങ് യാദവ് 2014ല്‍ ജയിച്ച അസംഗഢിലാണ് ഏറ്റവും ഉയര്‍ന്ന മുസ്ലിം-ദളിത്-യാദവ ജനസംഖ്യ. 68.3 ശതമാനം. മുലായത്തിന് കഴിഞ്ഞ തവണ 35.43 ശതമാനം വോട്ടു ലഭിച്ചിരുന്നു. ഇവിടെ കഴിഞ്ഞ തവണ മൂന്നാമതെത്തിയ ബിഎസ്പി സ്ഥാനാര്‍ത്ഥി ഷാ ആലത്തിന് ലഭിച്ചത് 27.75 ശതമാനം വോട്ടായിരുന്നു. ഈ രണ്ടു പാര്‍ട്ടികളും ഇത്തവണ ഒന്നിച്ചാല്‍ 63.18 ശതമാനം വോട്ട് ഉറപ്പാണ്.

മറ്റു 37 മണ്ഡലങ്ങളില്‍ മുസ്ലിം-ദളിത്-യാദവ ജനസംഖ്യ 50 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിലാണ്. അമേത്തി, റായ്ബറേലി, മുലായം സിങ് ഇത്തവണ മത്സരിക്കുന്ന അദ്ദേഹത്തിന്റെ തട്ടകമായ മിയാന്‍പുരി എന്നീ മണ്ഡലങ്ങളെല്ലാം ഇതില്‍പ്പെടും. മിയാന്‍പുരിയില്‍ മുസ്ലിം-ദളിത്-യാദവ ജനസംഖ്യ 57.2 ശതമാനമുണ്ട്. 

ബാക്കിവരുന്ന 33 മണ്ഡലങ്ങളില്‍ മുസ്ലിം-ദളിത്-യാദവ ജനസംഖ്യ 40-നും 50 ശതമാനത്തിനും ഇടയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരാണസിയും ഇതിലുള്‍പ്പെടും.


 

Latest News