Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍ 2025നു ശേഷം ഇന്ത്യയുടെ ഭാഗമാകുമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ്

മുംബൈ- 2025നു ശേഷം അയല്‍രാജ്യമായ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമായി മാറുമെന്ന് ആര്‍എസ്എസിന്റെ മുതിര്‍ന്ന ദേശീയ നേതാവും വിദ്വേഷ പ്രസംഗങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞയാളുമായി ഇന്ദ്രേഷ് കുമാര്‍. 'കശ്മീര്‍-ഇനിയും മുന്നോട്ട്' എന്ന പേരില്‍ സംഘപരിവാര്‍ അനകൂല സംഘടനകള്‍ ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയില്‍ ശനിയാഴ്ച പ്രസംഗിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 'നിങ്ങള്‍ എഴുതിവച്ചോളൂ, അഞ്ചോ ഏഴോ വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ കറാച്ചിയിലും ലാഹോറിലും റാവല്‍പിണ്ഡിയിലും സിയാല്‍കോട്ടിലും എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് സ്ഥലം വാങ്ങുകയോ കച്ചവടം നടത്തുകയോ ചെയ്യാം. 1947നു മുമ്പ് പാക്കിസ്ഥാന്‍ ഉണ്ടായിരുന്നില്ല. 1945നു മുമ്പ് അത് ഹിന്ദുസ്ഥാന്റെ ഭാഗമാണെന്ന് ആളുകള്‍ പറയുന്നു. 2025നു ശേഷവും അത് വീണ്ടും ഹിന്ദുസ്ഥാന്റെ ഭാഗമായി മാറും'- സംഘപരിവാറിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

അതിര്‍ത്തികള്‍ യുറോപ്യന്‍ യൂണിയനെ പോലെയാകുന്ന ഒരു അഖണ്ഡ ഭാരതമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ അനുകൂലിക്കുന്ന ഒരു സര്‍ക്കാരിനെ ബംഗ്ലദേശില്‍ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആദ്യമായി ശക്തമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നു. ഇതിനു കാരണം രാഷ്ട്രീയ ഇച്ഛാശക്തിക്കനുസരിച്ച് സൈന്യം പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ്. ഇപ്പോള്‍ രാഷ്ട്രീയ ഇച്ഛാശക്തി മാറിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ലോഹറില്‍ ചെന്ന് വീടു കെട്ടിപ്പാര്‍ക്കുന്നതും ചൈനയുടെ അനുമതി ആവശ്യമില്ലാതെ  മാനസ സരോവരത്തിലേക്കു പോകുന്നതും നമുക്ക് സ്വപ്‌നം കണ്ടു തുടങ്ങാം,' ആര്‍എസ്എസ് നേതാവ് പറഞ്ഞു. 

നസീറുദ്ദീന്‍ ഷാ, ഹാമിദ് അന്‍സാരി, നവജോത് സിദ്ദു എന്നിവരെ പോലുള്ള രാജ്യദ്രോഹികളെ ഇല്ലാതാക്കാന്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കണെന്നും ഇന്ദ്രേഷ് ആവശ്യപ്പെട്ടു. കശ്മീരിനു പ്രത്യേക പദവി നല്‍കുന്നത് വര്‍ഗീയതയും മൗലികവാദവും ജനാധിപത്യവിരുദ്ധവുമാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിംകളെ പാട്ടിലാക്കാനുള്ള ആര്‍എസ്എസിന്റെ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ കാര്യദര്‍ശിയാണ് ഇന്ദ്രേഷ് കുമാര്‍.
 

Latest News