ന്യൂദൽഹി- സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.വി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കം പാളുന്നു. തനിക്ക് വാഗ്ദാനങ്ങളൊന്നും ആവശ്യമില്ലെന്നും സീറ്റ് നൽകില്ലെന്ന കാര്യം നേരിട്ടറിയിക്കാത്തത് മര്യാദകേടാണെന്നും കെ.വി തോമസ് പറഞ്ഞു. തന്നെ കാണാനെത്തിയ രമേശ് ചെന്നിത്തലയോടാണ് കെ.വി തോമസ് ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയിലേക്ക് പോകില്ലെന്നും താൻ കോൺഗ്രസുകാരനായി തുടരുമെന്നും കെ.വി തോമസ് വ്യക്തമാക്കി. എന്നും കോൺഗ്രസുകാരനാണ്. പുതുതായി തന്നെ കോൺഗ്രസുകാരനാക്കാൻ ആരും ശ്രമിക്കേണ്ടതില്ല. ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കാനുള്ള സഹചര്യം ചെന്നിത്തല വിശദീകരിച്ചു. പ്രചാരണത്തിൽ സഹകരിക്കണമെന്ന ആവശ്യത്തോട് ആലോചിക്കാമെന്ന് മാത്രമായിരുന്നു തോമസിന്റെ മറുപടി. കെ.വി തോമസിന്റെ സേവനം പാർട്ടി വിവിധ തലങ്ങളിൽ ഉപയോഗിക്കുമെന്ന് ചർച്ചക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.