Sorry, you need to enable JavaScript to visit this website.

ട്വിറ്ററില്‍ മോഡി 'ചൗക്കിദാര്‍' ആയി; ഏറ്റുപിടിച്ച് മന്ത്രിമാരും നേതാക്കളും

ന്യൂദല്‍ഹി- ട്വിറ്ററില്‍ ബിജെപി പുതിയൊരു പ്രചാരണത്തിന് തുടക്കം കുറിച്ചു. ബിജെപിയുടെ താര പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ട്വിറ്ററിലെ പേര് 'ചൗക്കിദാര്‍ നരേന്ദ്ര മോഡി' എന്നാക്കി മാറ്റിയാണ് ഇതിനു തുടക്കമിട്ടത്. ഇതിനു പിന്നാലെ ബിജെപി മന്ത്രിമാരും മുഖ്യമന്ത്രിമാരും അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുമെല്ലാം തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലെ പേരിനു മുന്നില്‍ ചൗക്കിദാര്‍ എന്നു ചേര്‍ത്തു. താന്‍ ജനങ്ങളുടെ കാവര്‍ക്കാരന്‍ (ചൗക്കിദാര്‍) ആണെന്ന മോഡിയുടെ വാക്കുകളാണ് ബിജെപി പ്രചാരണായുധമാക്കിയിരിക്കുന്നത്. ഞാനും കാവല്‍ക്കാരനാണ് എന്നര്‍ത്ഥം വരുന്ന ഹാഷ് ടാഗ് പ്രചാരണം കഴിഞ്ഞ ദിവസം ബിജെപി ട്വിറ്ററില്‍ വൈറലാക്കിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹെ) എന്ന പ്രചാരണത്തിനു മറുപടിയായാണ് കഴിഞ്ഞ ദിവസം #MainBhiChowkidar എന്ന പ്രചാരണത്തിന് ബിജെപി തുടക്കമിട്ടത്.

'നിങ്ങളുടെ കാവല്‍ക്കാരന്‍ ഉറച്ച കാല്‍വെപ്പോടെ രാഷ്ട്രത്തെ സേവിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ ഒറ്റയ്ക്കല്ല. അഴിമതിക്കും സമൂഹ തിന്മകള്‍ക്കുമെതിരെ പൊരുതുന്ന എല്ലാവരും കാവല്‍ക്കാരാണ്. ഇന്ത്യയുടെ പുരോഗതിക്കു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഓരോരുത്തരും ചൗക്കിദാര്‍ ആണ്' മോഡി ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ പിയുഷ് ഗോയല്‍, ജെ.പി നദ്ദ, ബിജെപി മുഖ്യമന്ത്രിമാരായ ത്രിവേന്ദ്ര സിഹ് റാവത്ത്, രഘുബര്‍ ദാസ് എന്നിവരും ട്വിറ്ററില്‍ പേരു മാറ്റി ചൗക്കിദാര്‍ എന്ന വിശേഷണം ചേര്‍ത്തു. ചൗക്കിദാര്‍ പ്രചാരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31ന് പ്രത്യേക കാവല്‍ക്കാരന്‍ പ്രതിജ്ഞാ ഓണ്‍ലൈന്‍ പരിപാടിയും ബിജെപി സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയില്‍ ചേരാന്‍ ക്ഷണിക്കുന്ന ഒരു ലഘു വിഡിയോയും മോഡി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Latest News