ഡി.എൻ.എ പരിശോധന പൂർത്തിയായി
ദമാം- മലയാളികൾ ഉൾപ്പെടെ അഞ്ച് പേരെ ജീവനോടെ കുഴിച്ചുമൂടിക്കൊന്ന കേസിൽ ഒരാളുടെ മൃതദേഹം കൂടി മറവു ചെയ്യുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയായി. തിരുവനന്തപുരം കിളിമാനൂർ സ്വദേശി വടക്കേവിള അബ്ദുൽ ഖാദർ സലീമിന്റെ ഡി.എൻ.എ പരിശോധനാ റിപ്പോർട്ട് കഴിഞ്ഞയാഴ്ച ലഭിച്ചു. കൂടാതെ, ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് മെഡിക്കൽ റിപ്പോർട്ടും, ഡെത്ത് നോട്ടിഫിക്കേഷനും ലഭിച്ചതോടെയാണ് പ്രതിബന്ധം നീങ്ങിയത്.
അടുത്ത ദിവസം തന്നെ എംബസി പ്രതിനിധിയെത്തി മൃതദേഹം ഖബറടക്കും. ദിയാ ധനം നൽകാതെ മൃതദേഹം ഖബറടക്കാൻ സാധിക്കില്ലെന്ന് കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ദിയ ലഭിക്കാതെ അനുമതിപത്രം നൽകില്ലെന്ന കുടുംബത്തിന്റെ പിടിവാശിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വിഘാതമായത്. മൃതദേഹങ്ങൾ കണ്ടെത്തി നാലു വർഷത്തിന് ശേഷമാണ് മറവു ചെയ്യുന്നത്. എംബസി ഉദ്യോഗസ്ഥരുടേയും, സാമൂഹ്യ പ്രവർത്തകരുടേയും ഇടപെടലുകളാണ് കുടുംബത്തിന്റെ തെറ്റിദ്ധാരണ മാറ്റി ഡി.എൻ.എ പരിശോധനക്കുള്ള അനുമതി ലഭ്യമാക്കിയത്. സലീമിന്റെ ഉമ്മയുടെ ഡി.എൻ.എ പരിശോധനയാണ് വിജയം കണ്ടെത്. കൊല്ലം സ്വദേശി ഷാജഹാൻ അബൂബക്കർ, തിരുനെൽവേലി പേട്ട സ്വദേശി ഫക്കീർ ഫാറൂഖ്, തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി ലാസർ എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ മറവ് ചെയ്തിരുന്നു. പുതുക്കോട്ട മല്ലിപ്പട്ടണം ശെയ്ഖ് ദാവൂദിന്റെ മൃതദേഹം മറവു ചെയ്യുന്നതിനുള്ള എൻ.ഒ.സി ഇന്ത്യൻ എംബസി നേരത്തെ നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ മൃതദേഹവും ഇവിടെ തന്നെ മറവു ചെയ്യും. ഇതോടെ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കൊലപാതക കേസിന്റെ അധ്യായം അവസാനിക്കും.
ആറ് കൊല്ലം മുമ്പാണ് ഒരുമിച്ച് ജോലി ചെയ്തിരുന്ന അഞ്ച് പേരെ കാണാനില്ലെന്ന പരാതിയുമായി സുഹൃത്തുക്കൾ ദമാമിലെ സാമൂഹ്യ പ്രവർത്തകരായ നാസ് വക്കത്തിനേയും ഷാജി മതിലകത്തിനേയും സമീപിച്ചത്.
വീണ്ടും രണ്ട് വർഷങ്ങൾക്ക് ശേഷം സഫ്‌വയിലെ ഒരു തോട്ടം കൃഷി ചെയ്യുന്നതിന് ഉഴുതു മറിക്കുന്നതിനിടെ, ഒരാളുടെ തലയോട്ടി ലഭിച്ചതാണ് ഹൃദയഭേദകമായ കൂട്ടക്കൊല വെളിച്ചത്തു വന്നത്.
പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അഞ്ചു പേരുടേയും ശരീരാവശിഷ്ടങ്ങൾ ലഭിച്ചു. മദ്യ നിർമാണ കേന്ദ്രത്തിലാണ് കൊലപാതകം നടന്നതെന്ന് മനസ്സിലാക്കിയ പോലീസ് മലയാളികൾ ഉൾപ്പെടെയുള്ള ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. വൈകാതെ പ്രതികളായ മൂന്ന് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് ഇവരെ വധശിക്ഷക്ക് വിധേയരാക്കിയത്.
രാജ്യത്തിൻെറ അന്തസ്സ് കളങ്കപ്പെടുത്തിയതിന്റെ പേരിൽ ദിയാധനം നൽകിയാലും പ്രതികൾ വധശിക്ഷക്ക് അർഹരാണെന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ സാമി അൽ സഹ്‌റാനി, ഹബീബ് അൽ ഇബ്രാഹിം, ബന്ദർ അൽ ബസ്‌റാവി എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് നിരന്തരം സാമൂഹ്യ പ്രവർത്തകർക്ക് സഹായം നൽകിയിരുന്നു.