പനജി- ഗോവയില്‍ ബിജെപി മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്കു കത്തു നല്‍കി. ബിജെപി സര്‍ക്കാരിനെ പിരിച്ചുവിട്ട് വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് സമര്‍പ്പിച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും അവരുടെ അംഗബലം ഇനിയും കുറഞ്ഞേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോവ ഉപമുഖ്യമന്ത്രിയായിരുന്ന ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസ കഴിഞ്ഞ മാസം മരിച്ചതോടെ ബിജെപിയുടെ അംഗ സംഖ്യ കുറഞ്ഞു. നേരത്തെ രണ്ടു എംഎല്‍എമാര്‍ രാജിവെച്ചതിനാല്‍ നിലവില്‍ 40 അംഗ സഭയില്‍ 37 അംഗങ്ങളെ ഉള്ളൂ. ഇത് ഇനിയും കുറയാനുള്ള സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഇപ്പോള്‍ കോണ്‍ഗ്രസ് നീക്കം ശക്തമാക്കിയത്. കോണ്‍ഗ്രസിന് നിലവില്‍ 14 അംഗങ്ങളും ബിജെപിക്ക് 12 അംഗങ്ങളുമാണ് നിലവിലുള്ളത്. സഖ്യകക്ഷികളുടെ പിന്‍ബലത്തിലാണ് ബിജെപി പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ മൂന്ന് സീറ്റുകള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് എന്നീ പാര്‍ട്ടികളുടെയും രണ്ടു സ്വതന്ത്രരുടേയും പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. ഇവരെ ബിജെപി സഖ്യത്തില്‍ നിന്ന് വേര്‍പ്പെടുത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇവരെ കൂട്ടി സഖ്യസര്‍ക്കാരുണ്ടാക്കാനാണു കോണ്‍ഗ്രസ് നീക്കം. ഒരു സീറ്റുള്ള എന്‍സിപി കോണ്‍ഗ്രസിനൊപ്പമുണ്ട്്.
2017-ലെ തെരഞ്ഞെടുപ്പില്‍ 17 സീറ്റു നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ മൂന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്കു പോയതോടെ അംഗബലം 14 ആയി ചുരുങ്ങി. മുഖ്യമന്ത്രി പരീക്കറുടെ ആരോഗ്യ നില മോശമാണെന്നും അദ്ദേഹത്തിന് അനങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണെന്നും എന്തു സംഭവിക്കാമെന്നും ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നു. അതുകൊണ്ടു തന്നെ ബിജെപി അംഗങ്ങളുടെ എണ്ണം ഇനിയും കുറയാന്‍ സാധ്യത ഏറെയാണെന്നും അദ്ദേഹം പറയുന്നു.