കാസർകോട്- മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കർണാടക സംസ്ഥാനത്തിന്റെ കാസർകോട് ജില്ലയോട് ചേർന്നു കിടക്കുന്ന അതിർത്തി ഗ്രാമങ്ങളിലുള്ളവരുടെ വോട്ടുകൾ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വ്യാപകമായി ചേർക്കുന്നുവെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ബി.ജെ.പി നേതൃത്വം ആസൂത്രിതമായ ഗൂഢാലോചനയിലൂടെയാണ് വോട്ട് കൂട്ടിച്ചേർക്കുന്നതെന്നും ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ഈ പ്രവൃത്തിയ്ക്ക് കൂട്ടു നിൽക്കുകയാണെന്നും യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. 2018 ഒക്ടോബർ ഒന്നു മുതൽ നവംബർ 15 വരെയാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ട് കൂട്ടിച്ചേർക്കാൻ അപേക്ഷ നൽകിയത്.
ഇത്രയും സമയത്തിനിടയിൽ 6355 വോട്ടുകൾ മഞ്ചേശ്വരം മണ്ഡലത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ അതിന് ശേഷം വീണ്ടും വോട്ട് കൂട്ടിച്ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ അവസരം ഉപയോഗിച്ചാണ് ബി.ജെ.പി വൻ തോതിൽ വോട്ട് കൂട്ടിച്ചേർക്കുന്നതെന്നാണ് ആരോപണം. നവംബർ 15ന് ശേഷം കേരളത്തിലെ അതിർത്തിഗ്രാമങ്ങളായ വൊർക്കാടി, മീഞ്ച, മഞ്ചേശ്വരം, പൈവളികെ, എൻമകജെ എന്നിവിടങ്ങളിൽ 6000 വോട്ടുകൾ കൂട്ടിച്ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇത്രയും വോട്ടുകൾ കൂട്ടത്തോടെയെത്തിയതാണ് സംശയത്തിനിടയാക്കിയതെന്നും ഇതേ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കർണ്ണാടക അതിർത്തി ഗ്രാമങ്ങളായ സുള്ള്യ, പുത്തൂർ, വിട്ടൽ എന്നിവിടങ്ങളിലെ ആളുകളുടെ വോട്ടാണ് വ്യാജ റസിഡൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൂട്ടിച്ചേർത്തിരിക്കുന്നതെന്ന് മനസിലായതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നിലവിൽ 6000 വോട്ടുകൾ കൂട്ടിച്ചേർക്കാൻ എത്തിയപ്പോൾ തൊട്ടടുത്ത കാസർകോട്, ഉദുമ മണ്ഡലങ്ങളിൽ ആകെയെത്തിയത് 3000 വോട്ടാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കില്ലെന്ന് ഉറപ്പുണ്ട്. എന്നാൽ ഇതേ വോട്ടേഴ്‌സ് ലിസ്റ്റാണ് മഞ്ചേശ്വരത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ഗൂഢതന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എല്ലാവരുടെയും ശ്രദ്ധ പ്രചാരണത്തിൽ കുടുങ്ങി നിൽക്കുമ്പോഴാണ് കർണ്ണാടക അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ വോട്ടുകൾ മഞ്ചേശ്വരം മണ്ഡലത്തിൽ വ്യാപകമായി കൂട്ടിച്ചേർക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
നേരത്തെ വോട്ടുകൾ ചേർക്കാൻ ഒന്നരമാസം സമയമുണ്ടായപ്പോൾ വോട്ട് കൂട്ടിച്ചേർക്കാത്തതും ഇപ്പോൾ കൂട്ടത്തോടെ വോട്ട് ചേർക്കുന്നതും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. വോട്ട് കൂട്ടിച്ചേർക്കാൻ ചില താലൂക്കോഫീസുകൾ അഞ്ച് മണിക്കു ശേഷം പ്രവർത്തിക്കുന്നു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അട്ടിമറിച്ച് ബി.ജെ.പിക്ക് വിജയിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. കലക്ടർക്കും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർക്കും ഇക്കാര്യത്തിൽ പരാതി നൽകിയതായും നടപടി ഉണ്ടായില്ലെങ്കിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും നേതാക്കളായ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എം.സി ഖമറുദ്ദീൻ, എ. അബ്ദുൽറഹ്മാൻ, അഡ്വ. ഗോവിന്ദൻ നായർ എന്നിവർ വ്യക്തമാക്കി.