റിയാദ് - സൗദിയിൽ 233 ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളുള്ളതായി സൗദി ജിയോളജിക്കൽ സർവേക്കു കീഴിലെ ദേശീയ ഭൂകമ്പ, അഗ്നിപർവത കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. ഹാനി സഹ്‌റാൻ പറഞ്ഞു. ഭാവിയിൽ ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളുടെ എണ്ണം 300 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ഭൂകമ്പ നിരീക്ഷണ സംവിധാനമാണ് സൗദിയിലുള്ളത്. സൗദിയിൽ എങ്ങും നിന്നുള്ള ഭൂകമ്പ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നതിന് സാറ്റലൈറ്റ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് ലോകത്ത് നടക്കുന്ന വലിയ ഭൂകമ്പങ്ങളും സൗദി അറേബ്യയിലും രാജ്യത്തിനു ചുറ്റിലും നടക്കുന്ന തീർത്തും ദുർബലമായവ അടക്കമുള്ള ഭൂകമ്പങ്ങളും രജിസ്റ്റർ ചെയ്യുന്നതിന് ശേഷിയുണ്ട്.
ഭൂകമ്പ, അഗ്നിപർവത നിരീക്ഷണ മേഖലകളിൽ കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സർവകലാശാല, കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി, കിംഗ് സൗദ് യൂനിവേഴ്‌സിറ്റി, സൗദി അറാംകൊ അടക്കമുള്ള സൗദി സ്ഥാപനങ്ങളുമായും അമേരിക്കയിലെ ജിയോളജിക്കർ സർവേയുമായും ലോറൻസ് ലിവർമൂർ ഇൻസ്റ്റിറ്റിയൂട്ടുമായും സൗദി ജിയോളജിക്കൽ സർവേ സഹകരിക്കുന്നുണ്ടെന്നും ഡോ. ഹാനി സഹ്‌റാൻ പറഞ്ഞു.