ദുബായ്- വെള്ളിയാഴ്ച ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ പള്ളികളില്‍ കയറി ഭീകരന്‍ വിശ്വാസികളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ജീവനക്കാരനെതിരെ ദുബായിലെ ഒരു സുരക്ഷാ സേവന കമ്പനി അന്വേഷണം ആരംഭിച്ചു. 49 മുസ്ലിംകളെ കൂട്ടക്കൊല ചെയ്യപ്പെട്ട ഭീകരാക്രമണത്തെ യുഎഇ അടക്കമുള്ള രാജ്യങ്ങല്‍ അപലപിക്കും ദുഖം പ്രകടിപ്പിക്കുകയം ചെയ്തതിനിടെയാണ് ദുബായിലെ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പ് കമ്പനി ജീവനക്കാരന്‍ വിദ്വേഷപരമായ പോസ്റ്റി്ട്ടത്. മറ്റു പള്ളികളിലും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഇതുപോലെ ആക്രമണം നടത്തണം എന്നായിരുന്നു പോസ്റ്റ്.
ജീവനക്കാരന്റെ അഭിപ്രായം അദ്ദേഹത്തിന്റേതു മാത്രമാണ്. കമ്പനി അതിനെ പിന്തുണയ്ക്കുന്നില്ലെന്നും തങ്ങള്‍ ഈ ഭീകരാക്രമണത്തെ അപലപിക്കുന്നതില്‍ യുഎഇക്കൊപ്പമാണെന്നും ട്രാന്‍സ്ഗാര്‍്ഡ് ഗ്രൂപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജീവനക്കാരന്റെ പോസ്റ്റിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കമ്പനി ഇതിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
സമൂഹ മാധ്യമങ്ങളില്‍ മോശം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് യുഎഇയിലെ സൈബര്‍ നിയമ പ്രകാരം കടുത്ത ശിക്ഷയുള്ള കുറ്റമാണ്. ജയില്‍ തടവും അരലക്ഷം മുതല്‍ 30 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ലഭിക്കാവുന്ന ശിക്ഷ.