ദുബായ്- മരണത്തിന്റെ വെടിയൊച്ചകള്‍ക്ക് ചുറ്റും അദീബ് സമിക്ക് ഒരേയൊരു വിചാരമേയുണ്ടായിരുന്നുള്ളു. മക്കളെ രക്ഷിക്കണം. സ്വന്തം ശരീരത്തെ മക്കളുടെ ബുള്ളറ്റ് പ്രൂഫാക്കി മാറ്റിയാണ് അദീബ് ആ ദൗത്യം നിറവേറ്റിയത്. പിതൃസ്നേഹത്തിന്റെയും കരുതലിന്റേയും മഹത്തായ മാതൃകയുമായി അദ്ദേഹം ഭീകരന്റെ വെടിയുണ്ടകളേറ്റുവാങ്ങി.
ന്യൂസിലാന്‍ഡില്‍ സ്ഥിര താമസമാക്കിയ ഇറാഖി വംശജന് അദീബ് സമി(52) ആണ് മക്കളായ അബ്ദുല്ല(29), അലി(23) എന്നിവര്‍ക്കു കസ്റ്റ് ചര്‍ച്ചിലെ നൂര്‍ മസ്ജിദിലെ വെടിയേല്‍ക്കാതെ ശരീരം കൊണ്ട് കവചമൊരുക്കിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്ത് തറച്ച വെടിയുണ്ട പിന്നീട് ആശുപത്രിയില്‍ നീക്കം ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. അബ്ദുല്ല, അലി എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അല്‍ഐനിലും ഒമാനിലും എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന അദീബ് സമി വ്യാഴാഴ്ച ദുബായില്‍ നിന്നു ന്യൂസിലാന്‍ഡിലേക്ക് പോയതാണ്. ഇദ്ദേഹത്തിന്റെ മകളായ ഹിബാ അദീബ് (30) ദുബായിലുണ്ട്.
'എന്റെ പിതാവ് യഥാര്‍ഥ ഹീറോ ആണ്. സ്വന്തം ജീവന് പണയം വച്ച് സഹോദരന്മാരെ രക്ഷപ്പെടുത്താന്‍ അദ്ദേഹം തയാറായി-–ഹിബ പറഞ്ഞു. പിതാവിനു വെടിയേറ്റു എന്നറിഞ്ഞതു മുതല്‍ ഈ യുവതി കരച്ചില് നിര്‍ത്തിയിട്ടില്ല. ന്യൂസിലാന്‍ഡിലേക്ക് പാകാനുള്ള തയാറെടുപ്പിലാണ് ഈ യുവതി. മരിച്ചവരില്‍ തനിക്ക് പരിചയമുള്ള നിരവധി പേരുണ്ടെന്നും ഹിബ പറഞ്ഞു.