ന്യൂദല്‍ഹി- പാക്കിസ്ഥാനിലെ ബാലാകോട്ട് ഇന്ത്യന്‍ വ്യോമ സേന നടത്തിയ ബോംബാക്രമണത്തിനുശേഷം അടച്ച പാക്കിസ്ഥാന്‍ വ്യോമ പാത പൂര്‍ണമായും ഇനിയും തുറന്നില്ല. ദിവസം 400 വിമാന സര്‍വീസുകളെയാണ് പാക്കിസ്ഥാന്‍ നടപടി ബാധിക്കുന്നതെന്ന് ഫ്‌ളൈറ്റ് റഡാര്‍ ഡോട് കോം നല്‍കുന്ന കണക്ക് വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. വ്യോമാക്രമണം നടന്നതിനു പിന്നാലെ കഴിഞ്ഞ മാസം 27-നാണ് വ്യോമപാത അടച്ചതായി പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് കഴിഞ്ഞ 18 ദിവസമായി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ വേണ്ടി വരുന്നു. പാക്കിസ്ഥാന്‍ കഴിഞ്ഞയാഴ്ച വ്യോമപാത ഭാഗികമായി തുറന്നുവെങ്കിലും സ്വന്തം നഗരങ്ങളിലേക്ക് വരുന്ന വിമാനങ്ങളെ മാത്രമേ അനുവദിക്കുന്നുള്ളൂ.
എയര്‍ ഇന്ത്യ പ്രതിവാരം അമേരിക്കയിലേക്ക് 33 സര്‍വീസുകളും യൂറോപ്പിലേക്ക് 66 സര്‍വീസുകളും നടത്തുന്നുണ്ട്. യൂറോപ്പിലേക്കും വടക്കെ അമേരിക്കയിലേക്കുമുള്ള മിക്ക വിമാനങ്ങളും പാക്കിസ്ഥാന്‍ വ്യോമപാത കടന്നു പോകേണ്ടതിനാല്‍ ഭൂരിഭാഗം സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ആണ് ചെയ്യുന്നത്. ദല്‍ഹിയില്‍നിന്ന് അമേരിക്കയിലേക്കുള്ള സര്‍വീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. മുംബൈയിലേക്കും അവിടെനിന്ന് യു.എ.ഇ വ്യോമപാത വഴി അറബിക്കടലിനു മുകളിലൂടെയാണ് യു.എസ് വിമാനങ്ങള്‍ പോകുന്നത്. ദല്‍ഹിയില്‍നിന്ന് വാഷിംഗ്ടണ്‍ ഡി.സിയിലേക്കുള്ള വിമാനങ്ങള്‍ക്ക് ഇപ്പോള്‍ മുംബൈയില്‍ ഇറങ്ങേണ്ടി വരുന്നു. വ്യോമപാതയിലുണ്ടായ മാറ്റം കാരണം വിമാന സര്‍വീസ് സമയം മൂന്ന് മണിക്കൂര്‍ നീളുന്നതായി എയര്‍ ഇന്ത്യ വക്താവ് പറയുന്നു. അമേരിക്കയില്‍നിന്ന് മടങ്ങിവരുന്ന വിമാനങ്ങള്‍ക്ക് സ്റ്റോപ്പ് വേണ്ടി വരുന്നില്ലെങ്കിലും പാക്കിസ്ഥാനി വ്യോമപാത ഒഴിവാക്കുന്നതിനായി കൂടുതല്‍ സമയം എടുക്കേണ്ടി വരുന്നു. മുംബൈയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് 2018 ഡിസംബറില്‍ ആരംഭിച്ച എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയിരിക്കയാണ്. മാര്‍ച്ച് 16 മുതല്‍ മേയ് 31 വരെ ഇത് മറ്റു സര്‍വീസുമായി ബന്ധിപ്പിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ദല്‍ഹിയില്‍നിന്ന് തെക്കന്‍ ഇറാഖിലെ നജഫിലേക്ക് പുതുതായി ആരംഭിച്ച എയര്‍ എന്ത്യ സര്‍വീസും റദ്ദാക്കി. ദല്‍ഹി-മാഡ്രിഡ്, മാഡ്രിഡ്-ദല്‍ഹി, ദല്‍ഹി-ബിര്‍മിംഗ്ഹാം, ബിര്‍മിംഗ്ഹാം-ദല്‍ഹി, ദല്‍ഹി-അമൃത്സര്‍-ബിര്‍മിംഗ്ഹാം എന്നീ സര്‍വീസുകളേയും പുതിയ പ്രതിസന്ധി ബാധിച്ചു. എയര്‍ ഇന്ത്യയുടെ മറ്റു നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങള്‍ ഏപ്രില്‍ 30 വരെ വഴി തിരിച്ചുവിട്ടു.
വിമാനങ്ങള്‍ റദ്ദാക്കിയതിനു പുറമെ, ദീര്‍ഘ റൂട്ടുകളും ഇന്ധനം നിറക്കുന്നതിനായി ഏര്‍പ്പെടുത്തിയ സ്റ്റോപ്പുകളും നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യക്ക് കാര്യമായ വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നത്. പുതിയ സാഹചര്യം നഷ്ടത്തിനു കാരണമായിട്ടുണ്ടെങ്കിലും ഫെബ്രുവരി 27-നുശേഷം അത് എത്രമാത്രമുണ്ടെന്ന് വിലയിരുത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് ഭട്‌നാഗര്‍ പറഞ്ഞു. ദിവസം മൂന്ന് കോടി രൂപയെങ്കിലും എയര്‍ ഇന്ത്യക്ക് നഷ്ടം വരുന്നുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലേക്കുള്ള വിമാനങ്ങളുടെ സാങ്കേതിക സ്റ്റോപ്പ് ഷാര്‍ജയില്‍നിന്ന് വിയന്നയിലേക്ക് മാറ്റിയത് നഷ്ടം കുറക്കുന്നതിനാണെന്നും ഭട്‌നാഗര്‍ അവകാശപ്പെട്ടു.
പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമ പരിധി തുറക്കാത്തതിനാല്‍ ദല്‍ഹിയില്‍നിന്ന് കാബൂളിലേക്കുള്ള സ്‌പൈസ് ജെറ്റ് സ്വകാര്യ വിമാനം എല്ലാ ദിവസത്തെ സര്‍വീസും റദ്ദാക്കിയിരിക്കയാണ്. ഇന്ത്യയില്‍നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് നേരിട്ടുള്ള ഏക വിമാനമാണിത്. പുതിയ സാഹചര്യത്തില്‍ ഒരു സ്റ്റോപ്പോ, രണ്ട് സ്‌റ്റോപ്പോ ഉള്ള റൂട്ട് തെരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാണ്. രണ്ടര മണിക്കൂര്‍ മാത്രം ഉണ്ടായിരുന്ന ട്രാന്‍സിറ്റ് സമയം ഇപ്പോള്‍ പതിനാറര മണിക്കുറായി മാറിയിട്ടുണ്ട്. 50,000 രൂപയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി വര്‍ധിക്കുകയും ചെയ്തു.
തെക്കു കിഴക്കന്‍ ഏഷ്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള ഭൂരിഭാഗം വിമാനങ്ങളും കൊല്‍ക്കത്തയിലൂടെ പോകുന്നതിനു പകരം ദക്ഷിണേന്ത്യ വഴിയാണ് പോകുന്നത്. അറബിക്കടലിനു മുകളിലൂടെയുള്ള വ്യോമപാത പാക്കിസ്ഥാന്‍ പൂര്‍ണമായും തുറക്കുന്നതോടെ ഇവയ്ക്ക് വടക്കന്‍ ഭാഗത്തുകൂടിയുള്ള സാധാരണ റൂട്ടിലേക്ക് മടങ്ങാന്‍ കഴിയും. ഇറാന്‍, ജോര്‍ജിയ, അസര്‍ബൈജന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. തുടക്കത്തില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, തായ് എയര്‍വേയ്‌സ്, മലേഷ്യന്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികള്‍ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നുവെങ്കിലും വളഞ്ഞുതിരഞ്ഞുള്ള റൂട്ട് വഴി സര്‍വീസ് പുനസ്ഥാപിച്ചിട്ടുണ്ട്.