ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ വലിയ രാഷ്ട്രീയ പോരാട്ടമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എഎപി സഖ്യത്തിന് പാര്‍ട്ടി ദേശീയ നേതൃത്വം മുന്‍കൈ എടുത്തെങ്കിലും സംസ്ഥാന ഘടകം തടസ്സം നിന്നതോടെ സഖ്യം സാധ്യമായില്ല. ഇതോടെ ഏഴ് മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. 2014 ല്‍ ദില്ലിയിലെ 7 സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു. ഇത്തവണ ത്രികോണ മത്സരം നടക്കുമ്പോള്‍ 3 സീറ്റുകളെങ്കിലും തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിലാണ് എഎപി നേതാവായ അല്‍ക്ക ലംബ കോണ്‍ഗ്രസിലേക്ക് ചേരാനുള്ള താല്‍പര്യം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ക്ക ലംബ ചാന്ദ്‌നി ചൗക്കില്‍ നിന്നുള്ള എഎപി എംഎല്‍എയായ അല്‍ക്ക ലംബയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള താല്‍പര്യം പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. തന്നെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യറാണെങ്കില്‍ പോകുമെന്നാണ് അല്‍ക്ക ലംബ വെള്ളിയാഴ്ച്ച വ്യക്തമാക്കിയത്. കോണ്‍ഗ്രസുമായി സഖ്യത്തിനായി ആംആദ്മി യാചിക്കുകയാണ്. പാര്‍ട്ടിയുടെ ദൗര്‍ബല്യം പൂര്‍ണ്ണമായും തുറന്നുകാട്ടുന്നതാണ് ഈ യാചന. ദില്ലിയില്‍ മാത്രമല്ല പഞ്ചാബിലും ഹരിയാനയിലും ഇത് തന്നെയാണ് സ്ഥിതിയെന്നും അല്‍ക്ക ലംബ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.