ക്രൈസ്റ്റ്ചർച്ച്- ജീവനുവേണ്ടി യാചിച്ചവർക്ക് മുന്നിൽ ഒരുതരത്തിലുള്ള ദയയും കാണിക്കാതെ ഭീകരൻ അവരുടെ നെഞ്ചിലേക്ക് തന്നെ വെടിയുതിർത്തു. അൽ നൂർ മസ്ജിദിലെ ഭീകരാക്രമണത്തിൽനിന്ന് രക്ഷപ്പെട്ട അൻവർ അൽ സലാഹ് ഓർത്തെടുക്കുന്നു. പള്ളിയിലെ ശുചിമുറിയിൽ ഒളിച്ചിരുന്നാണ് അൻവർ രക്ഷപ്പെട്ടത്.
ഞങ്ങൾ നിങ്ങളെ ഇന്ന് കൊല്ലാൻ പോകുകയാണ് എന്ന് ആണയിട്ടായിരുന്നു അക്രമി എത്തിയത്. കൊല്ലല്ലേ എന്ന് ആളുകൾ വിളിച്ചു യാചിക്കുന്നത് കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ അവർ കൊല്ലപ്പെടുന്നതുവരെ ഭീകരൻ വെടിയുതിർത്തു.
അൽനൂർ മസ്ജിദിന് അഞ്ചു കിലോമീറ്റർ അകലെയുള്ള ലിൻവൂഡ് മസ്ജിദിലും സമാനമായ ആക്രമണമാണ് നടന്നത്. അക്രമി നേരെ ഓടിയെത്തി കണ്ണിൽ കണ്ടവരെയെല്ലാം വെടിവെക്കുകയായിരുന്നു. ഇവിടെ ജീവന് വേണ്ടി യാചിച്ച് നിലവിളിക്കുകയായിരുന്ന ഒരു യുവതിയുടെ മുഖത്ത് വെടിവെച്ചാണ് ഭീകരൻ കൊലവിളി നടത്തിയത്. ഭീകരന്റെ അക്രമത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കാര്യം അഫ്ഗാനിൽനിന്നുള്ള അഭയാർഥിയും ഓർത്തെടുത്തു. തറയിൽ കിടന്ന തന്റെ തലയുടെ ഏതാനും സെന്റമീറ്റർ ഉയരത്തിലൂടെയാണ് ബുള്ളറ്റ് ചീറിപ്പാഞ്ഞത്. ഭീകരന്റെ ശ്രദ്ധ മറ്റു സ്ഥലങ്ങളിലേക്ക് നീണ്ടതോടെയാണ് തന്റെ നേരെ വീണ്ടും വെടിയുണ്ടകൾ വരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.