റിയാദ് - ന്യൂസിലാന്റിലെ സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ സൗദി പൗരൻ കൊല്ലപ്പെട്ടു. ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. 61 കാരനായ മുഹ്‌സിൻ അൽമുസൈനി അൽഹർബിയാണ് കൊല്ലപ്പെട്ടത്. അഞ്ചു തവണയാണ് മുഹ്‌സിൻ അൽമുസൈനി അൽഹർബിക്ക് വെടിയേറ്റതെന്ന് പുത്രൻ ഫറാസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മുഹ്‌സിൻ അൽഹർബി ക്രൈസ്റ്റ്ചർച്ച് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇരുപത്തിയഞ്ചു വർഷമായി ന്യൂസിലാന്റിൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന മുഹ്‌സിൻ ഏറ്റവും ഒടുവിൽ മൂന്നു വർഷം മുമ്പാണ് സൗദി അറേബ്യ സന്ദർശിച്ചത്. ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയായതിനാൽ മുഹ്‌സിൻ അൽഹർബിയെ പരിക്കേറ്റ സൗദികളുടെ കൂട്ടത്തിൽ സൗദി എംബസി ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല.
സർക്കാർ സ്‌കോളർഷിപ്പോടെ ന്യൂസിലാന്റിൽ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാർഥി അസീലിന് പരിക്കേറ്റതായി ന്യൂസിലാന്റിലെ സൗദി എംബസി അറിയിച്ചു. വിദ്യാർഥിയുടെ പരിക്ക് നിസാരമാണ്. അക്രമത്തിൽ ഒരു ജോർദാനി മരിക്കുകയും അഞ്ചു പേർക്ക് പരിക്കേറ്റതായും ജോർദാൻ വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു ഫലസ്തീനി കൊല്ലപ്പെട്ടതായും ഏതാനും ഫലസ്തീനികൾക്ക് പരിക്കേറ്റതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നതിന് ന്യൂസിലാന്റിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയങ്ങൾ നടത്തിവരികയാണെന്നും ഓസ്‌ട്രേലിയയിലെയും ന്യൂസിലാന്റിലെയും ഫലസ്തീൻ അംബാസഡർ ഇസ്സത് അബ്ദുൽഹാദി പറഞ്ഞു.
ആക്രമണത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ കുവൈത്തികൾ ആരുമില്ലെന്ന് ന്യൂസിലാന്റിലെ കുവൈത്ത് അംബാസഡർ അഹ്മദ് അൽവുഹൈബ് പറഞ്ഞു. ന്യൂസിലാന്റിൽ പഠിക്കുന്ന കുവൈത്തി വിദ്യാർഥികളും ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അംബാസഡർ പറഞ്ഞു. ന്യൂസിലാന്റിൽ കഴിയുന്ന യു.എ.ഇ വിദ്യാർഥികളെല്ലാം സുരക്ഷിതരാണെന്ന് ന്യൂസിലാന്റിലെ യു.എ.ഇ അംബാസഡർ അഹ്മദ് സാലിം അൽസുവൈദിയും പറഞ്ഞു.