ഗാന്ധിനഗര്‍- അര നൂറ്റാണ്ടിലേറെ കാലത്തെ ഇടവേളയ്ക്കു ശേഷം ഇത്തവണ കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമിതി യോഗം ഗുജറാത്തില്‍ ചേര്‍ന്നതും അവിടെ പ്രിയങ്കാ ഗാന്ധിയുടെ ആദ്യ രാഷ്ട്രീയ പ്രസംഗത്തിന് വേദിയൊരുക്കിയതും ഇതേ ദിവസം തന്നെ ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസില്‍ ചേര്‍ത്തതുമെല്ലാം വെറുതെയല്ലെന്നാണ് പുതിയ സൂചനകള്‍. പൊളിറ്റിക്കല്‍ എഡ്ജ് എന്ന ഏജന്‍സി സംസ്ഥാന വ്യാപകമായി നടത്തിയ സര്‍വേകള്‍ വ്യക്തമാക്കുന്നത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ്. ഒപ്പം ബിജെപിക്ക് വലിയ നഷ്ടങ്ങളും പ്രവചിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടം കോണ്‍ഗ്രസ് ആവര്‍ത്തിക്കും. 182 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളില്‍ 10 ഇടങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലാണെന്ന് പറയുന്നു. 16 ഇടത്ത് ബിജെപിയും. തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ ഇതു പുലര്‍ന്നാല്‍ 2014-ല്‍ 26 സീറ്റും നേടിയ ബിജെപിക്കിത് വലിയ നഷ്ടം തന്നെയായിരിക്കും. സംസ്ഥാനത്ത് 50 ശതമാനത്തിനടത്തു വോട്ട് വിഹിതം ബിജെപിക്കും 43 ശതമാനം കോണ്‍ഗ്രസിനു കിട്ടുമെന്നും സര്‍വെ പറയുന്നു.
2014-മായി താരതമ്യപ്പെടുത്തുമ്പോള്‍ ബിജെപിക്ക് 10 ശതമാനം വോട്ടിന്റെ ഇടിവും കോണ്‍ഗ്രസിന് ഇത്ര തന്നെ വോട്ടിന്റെ നേട്ടവും ഉണ്ടാകും. ആറു സീറ്റുകളില്‍ കോണ്‍ഗ്രസിന് സാധ്യത വളരെ കൂടുതലാണ്. ഇവ ആറും ഗ്രാമീണ മേഖലയിലാണ്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ആനന്ദില്‍ പാര്‍ട്ടി മുന്നിലാണ്. കര്‍ഷക സമരം, പട്ടേല്‍ സമരം എന്നിവ കാരണം കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയ സൗരാഷ്ട്ര മേഖലയിലെ മൂന്ന് മണ്ഡലങ്ങളില്‍ സാധ്യത ഏറെയാണ്. 2004-നു ശേഷം കോണ്‍ഗ്രസിന് മെച്ചമുണ്ടാക്കാന്‍ കഴിയാതിരുന്ന മേഖലയാണിത്.
വടക്കന്‍ ഗുജറാത്തില്‍ ആദിവാസി, ദളിത്, മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസിനാണ്. ഇവിടെ പഠാന്‍, സബര്‍കന്ത മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന് സാധ്യത. ഒബിസി താക്കൂര്‍ വിഭാഗത്തിന്റെ വോട്ടുകളെ എത്രത്തോളം ആകര്‍ഷിക്കാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും പഠാനിലെ വിജയം. 25 ശതമാനം വോട്ടുകള്‍ ഈ മേഖലയില്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ബിജെപി വിരുദ്ധ വികാരം ആളിക്കത്തിച്ച യുവ നേതാക്കളായ കോണ്‍ഗ്രസ് എംഎല്‍എ അല്‍പേഷ് താക്കൂറിന്റേയും സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയുടെയും മണ്ഡലങ്ങളും ഉള്‍പ്പെടുന്നത് പഠാനിലാണ്. ആദിവാസി, ക്ഷത്രിയ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സബര്‍കന്ത 2009 വരെ കോണ്‍ഗ്രസ് ശക്തി കേന്ദ്രമായിരുന്നു.
ഇവയ്ക്കു പുറമെ ബനസ്‌കന്ത, ഭറൂച്ച് എന്നീ മണ്ഡലങ്ങളിലും സര്‍വെ കോണ്‍ഗ്രസിന് ജയ സാധ്യത കല്‍പ്പിക്കുന്നു. ബിജെപി തട്ടകമായ സൂറത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നും സര്‍വെ പറയുന്നു. ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയുടെ ഫലമാണിത്.