അമരാവതി: ആന്ധ്ര മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും ആന്ധ്രപ്രദേശ് മുന്‍മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തി.
ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയില്‍ സ്വന്തം വീട്ടിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. വീട്ടിനകത്ത് പലയിടത്തും ഒപ്പം മുറിയിലും കുളിമുറിയിലും രക്തക്കറകള്‍ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എംവി കൃഷ്ണ റെഡ്ഡി മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പുലിവെന്‍ദുല പോലീസില്‍ പരാതിപ്പെട്ടു. വിവേകാനന്ദ റെഡ്ഡിയുടെ മൃതശരീരത്തില്‍ തലയില്‍ മുന്‍ഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുളളത് കൂടുതല്‍ സംശയങ്ങള്‍ക്ക് കാരണമായി. കൂടാതെ, ശരീരത്തില്‍ ഏഴ് മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. 68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്. 1989ലും 1994ലും പുലിവെന്‍ദുലയില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കടപ്പയില്‍ നിന്ന് രണ്ട് തവണ എംപി ആയ വിവേകാനന്ദ റെഡ്ഡിയെ ഇത്തവണ മണ്ഡലത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു.