Sorry, you need to enable JavaScript to visit this website.

നിരവധി നേതാക്കൾ മണ്ഡലം മാറുന്നു, യു.പിയിൽ ബി.ജെ.പിക്ക് സഖ്യപ്പേടി

ന്യൂദൽഹി - എസ്.പി-ബി.എസ്.പി സഖ്യം ഉത്തർപ്രദേശിൽ കനത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ നിരവധി പ്രമുഖ നേതാക്കളെ ബി.ജെ.പി മണ്ഡലം മാറ്റുന്നു. ഉത്തർപ്രദേശിലെ അത്യുജ്വല വിജയം നിലനിർത്തേണ്ടത് ആവശ്യമാണെന്നിരിക്കെ എന്തു വിലകൊടുത്തും വിജയിക്കണമെന്ന വാശിയിലാണ് ബി.ജെ.പി. ജനവികാരം എതിരാവുമ്പോൾ സ്ഥാനാർഥികളെ മാറ്റുകയെന്നത് മോഡിയും അമിത് ഷായും പലതവണ പരീക്ഷിച്ചു വിജയം കണ്ട ഫോർമുലയുമാണ്. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, മഹേഷ് ശർമ, നടി ഹേമമാലിനി, ഉമാഭാരതി തുടങ്ങിയവർ ഇത്തവണ മണ്ഡലം മാറിയേക്കും. വിവാദ എം.പി സാക്ഷി മഹാരാജിനെ മത്സരിപ്പിക്കേണ്ടെന്നാണ് പ്രാഥമിക തീരുമാനം. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇത്തവണ അവിടെനിന്ന് മത്സരിക്കില്ല. രാജ്‌നാഥിനെ ദൽഹിയോടടുത്ത നോയ്ഡയിലെ ഗൗതമബുദ്ധ നഗർ മണ്ഡലത്തിലേക്ക് മാറ്റാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ഗൗതമബുദ്ധ നഗറിലെ നിലവിലെ എം.പി കേന്ദ്രമന്ത്രി മഹേഷ് ശർമയാണ്. അദ്ദേഹത്തെ രാജസ്ഥാനിലെ ആൽവാറിലേക്ക് മാറ്റും.  ജനവികാരം എതിരാവുമ്പോൾ സ്ഥാനാർഥിയെ മാറ്റുക എന്നത് മോഡിയും അമിത് ഷായും പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ്. ഗൗതമബുദ്ധ നഗറിൽ മഹേഷിനെതിരെ ശക്തമായ ജനവികാരമുണ്ട്. ആർ.എസ്.എസ് യൂനിറ്റുകൾ വഴി ബി.ജെ.പി നടത്തിയ സർവേയിൽ 40 ശതമാനം ജനങ്ങളും മഹേഷ് ശർമക്കെതിരാണ് എന്നാണ് കണ്ടെത്തിയത്. നോയ്ഡയും ഗ്രെയ്റ്റർ നോയ്ഡയും മാറ്റിനിർത്തിയാൽ ഗ്രാമപ്രദേശങ്ങളാണ് ഈ മണ്ഡലത്തിലേറെയും. മൊത്തമുള്ള 19 ലക്ഷം വോട്ടിൽ 12 ലക്ഷവും ഗ്രാമീണ വോട്ടുകളാണ്. നഗരവോട്ടർമാരിൽ തന്നെ അധികവും രജപുത്രന്മാരും മുസ്‌ലിംകളും ഗുജ്ജാറുകളും ജാട്ടുകളുമാണ്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗൗതമബുദ്ധ നഗറിനു കീഴിൽ വരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളും ബി.ജെ.പി തൂത്തുവാരിയിരുന്നു. രാജ്‌നാഥ് സിംഗിന്റെ മകൻ പങ്കജ് സിംഗ് ഉൾപ്പെടെ മൂന്നു എം.എൽ.എമാരും രജപുത്രന്മാരായിരുന്നു. 2009 ലും ഗൗതമബുദ്ധ നഗറിൽ നിന്ന് മത്സരിക്കാൻ രാജ്‌നാഥ് താൽപര്യം കാട്ടിയിരുന്നു. എന്നാൽ അവസാനം ഗാസിയാബാദിലേക്കു മാറി. 2014 ൽ എ.ബി വാജ്‌പേയിയുടെ മണ്ഡലമായ ലഖ്‌നൗവിലേക്ക് രാജ്‌നാഥിനെ മാറ്റി. ലഖ്‌നൗവിൽ രാജ്‌നാഥ് വലിയ വികസനമാണ് കൊണ്ടുവന്നത്. എസ്.പി-ബി.എസ്.പി സഖ്യം വെല്ലുവിളിയുയർത്തിയായാലും മണ്ഡലം ബി.ജെ.പിയെ കൈവിടില്ലെന്നാണ് പാർട്ടി കരുതുന്നത്. 
ഗൗതമബുദ്ധ നഗറിൽ മഹേഷ് ശർമ കഴിഞ്ഞ തവണ ജയിച്ചത് 2.80 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. എസ്.പി സ്ഥാനാർഥിയായിരുന്നു രണ്ടാമത്. എന്നാൽ ബി.എസ്.പി രണ്ടു ലക്ഷത്തോളം വോട്ട് പിടിച്ചു. മഹേഷ് ശർമ വീണ്ടും മത്സരിച്ചാൽ ഈ സീറ്റ് നഷ്ടപ്പെടുമെന്നാണ് ബി.ജെ.പിയുടെ ആശങ്ക. അതിനാലാണ് രാജ്‌നാഥിനെ ഗൗതമബുദ്ധ നഗറിലേക്ക് മാറ്റുന്നത്. എസ്.പി-ബി.എസ്.പി ധാരണയനുസരിച്ച് ഗൗതമബുദ്ധ നഗർ ബി.എസ്.പിക്കാണ് കിട്ടിയത്. സത്‌വീർ നഗാറാണ് അവിടെ സഖ്യത്തിന്റെ സ്ഥാനാർഥി. ഗൗതമബുദ്ധ നഗറിൽ മത്സരിക്കാൻ ബി.ജെ.പിയുടെ ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗർവാൾ ദീർഘകാലമായി കുപ്പായമിട്ടു നിൽക്കുകയായിരുന്നു. 2014 ൽ അവസാന നിമിഷം അഗർവാളിനെ തഴഞ്ഞാണ് മഹേഷ് ശർമയെ ഇവിടേക്കു കൊണ്ടുവന്നത്. 
ജന്മനാടായ ആൽവാറിൽ മഹേഷിനെ നിർത്തുന്നത് അവിടെയും ഗുണം ചെയ്യുമെന്ന് പാർട്ടി കരുതുന്നു. ഡോക്ടറായ മഹേഷ് ശർമ ആൽവാറിലെ മനേതി ഗ്രാമത്തിലാണ് ജനിച്ചത്. 2014 ൽ ബി.ജെ.പിയുടെ മഹന്ദ് ചന്ദ് നാഥാണ് ആൽവാറിൽ നിന്ന് ജയിച്ചത്. കോൺഗ്രസിലെ ഭൻവാർ ജിതേന്ദർ സിംഗിനെ 2.83 ലക്ഷം വോട്ടിന് തോൽപിച്ചു. ഇത്തവണ രാജസ്ഥാനിൽ കോൺഗ്രസിൽ നിന്ന് ശക്തമായ പോരാട്ടമാണ് ബി.ജെ.പി നേരിടുന്നത്. 2017 ൽ മഹന്ദ് നാഥ് മരിച്ചതിനെത്തുടർന്ന് 2018 ൽ അവിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കരൺസിംഗ് യാദവ് ബി.ജെ.പിയുടെ ജസ്‌വന്ത് സിംഗ് യാദവിനെ തോൽപിച്ചു. രാജസ്ഥാനിലെ അജ്മീറിലും ആൽവാറിലും മുതിർന്ന നേതാക്കൾ മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. 
മഥുര മണ്ഡലത്തിലെ സിറ്റിംഗ് എം.പിയും നടിയുമായ ഹേമമാലിനിക്കും സ്ഥാനചലനമുണ്ടാവും. ഫത്തേപൂർ സിക്രിയിലേക്കാണ് ഹേമമാലിനിയെ കൊണ്ടുവരുന്നത്. അവിടത്തെ സിറ്റിംഗ് എം.പി ചൗധരി ബാബുലാലിനെതിരെ ജനരോഷമുയർന്ന സാഹചര്യത്തിലാണ് ഇത്. ഹേമമാലിനിക്ക് മണ്ഡലം മാറാൻ താൽപര്യമില്ല. അവരെ സമ്മതിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. 
ഉന്നാവോയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സാക്ഷി മഹാരാജിന് ഇത്തവണ സീറ്റ് നൽകില്ലെന്നാണ് സൂചന. പകരം ഉമാഭാരതിയെ അവിടെ നിർത്താനാണ് ആലോചിക്കുന്നത്. കഴിഞ്ഞ തവണ ഝാൻസിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉമാഭാരതി ഇനി ഇലക്ഷൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. തനിക്ക് സീറ്റ് നിഷേധിച്ചാൽ പാർട്ടിക്ക് ക്ഷീണമുണ്ടാവുമെന്ന് സാക്ഷി മഹാരാജ് സംസ്ഥാന ബി.ജെ.പി അധ്യക്ഷന് എഴുതി. ഈ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാണ് ചോർത്തിയത് എന്ന് വ്യക്തമല്ല. ഉന്നാവോയിൽ മൂന്നു ലക്ഷത്തിലേറെ വോട്ടിനാണ് കഴിഞ്ഞ തവണ സാക്ഷി മഹാരാജ് ജയിച്ചത്. 

Latest News