Sorry, you need to enable JavaScript to visit this website.

മസൂദ് അസ്ഹര്‍ വിഷയത്തില്‍ ഇന്ത്യയുടെ നോട്ടം വോട്ടുകളിലെന്ന് ചൈന; തെളിവുകള്‍ സമര്‍പ്പിച്ചില്ല

ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ശെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുളള നീക്കത്തെ യു.എന്‍ രക്ഷാ സമിതിയില്‍ ചൈന വീറ്റോ ചെയ്തിട്ടില്ലെന്നും സാങ്കേതികമായി തടഞ്ഞുവെക്കുക മാത്രമാണ് ചെയ്തതെന്നും ചൈനീസ് ഔദ്യോഗിക ദിനപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മസൂദ് അസ്ഹറിനെതിരെ പുതിയ തെളിവുകളൊന്നും ഇന്ത്യ നല്‍കിയിട്ടില്ലെന്നും ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിന്‍ വിഡിയോയില്‍ പറഞ്ഞു. ഇന്ത്യന്‍ പൊതുജനങ്ങള്‍ക്കിടയില്‍ ചൈനാ വിരുദ്ധ വികാരമുണ്ടാക്കാന്‍ പുതിയ നീക്കമുണ്ട്. രക്ഷാസമിതിയില്‍ ഇന്ത്യയുടെ നീക്കത്തെ ചൈന സാങ്കേതികകമായി തടയുക മാത്രമാണ് ചെയ്തതെന്നും വീറ്റോ ചെയ്തിട്ടില്ലെന്നും ഇന്ത്യക്കാര്‍ മനസ്സിലാക്കാണമെന്ന് അദ്ദേഹം പറഞ്ഞു.  അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പുതിയ തെളിവുകളൊന്നും സമര്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നതാണ് വസ്തുതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മസൂദ് അസ്ഹര്‍ വിഷയത്തില്‍ ചൈനാ വിരുദ്ധ വികാരമുണ്ടാക്കാനാണ് ഇന്ത്യയിലെ ദേശീയവാദികള്‍ ശ്രമിക്കുന്നത്. ചൈന ഇന്ത്യയുടെ സുഹൃത്താണെങ്കിലും ഇന്ത്യന്‍ ദേശീയതാ വാദത്തിന്റെ ബന്ദിയല്ലെന്നും ഗ്ലോബല്‍ ടൈംസ് ന്യൂസ് ട്വിറ്ററില്‍ വിശദീകരിച്ചു.
രാജ്യത്ത് പൊതുജന വികാരം ഉയര്‍ത്താനും പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കൂടുതല്‍ പിന്തുണ നേടാനുമാണ് യു.എന്‍ പ്രമേയത്തെ സാങ്കേതികമായി തടയുന്നതിലേക്ക് ഇന്ത്യാ ഗവണ്‍മെന്റ് ചൈനയെ കൊണ്ടെത്തിച്ചതെന്ന് ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ പറഞ്ഞു. താലിബാന്‍, അല്‍ഖാഇദ, ഐ.എസ് എന്നിവയുമായുള്ള ബന്ധത്തിന്റെ പേരില്‍ വ്യക്തികളേയും സംഘടനകളേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് തെളവുകള്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. മസൂദ് അസ്ഹറും ഈ സംഘടനകളുമായുള്ള ബന്ധത്തിന് ഇന്ത്യ കൃത്യമായ തെളിവുകളും രേഖകളും നല്‍കേണ്ടതുണ്ട്. ഇന്ത്യയിലെ ദേശീയതാ വാദികള്‍ ഈ പ്രശ്‌നത്തില്‍ ബഹളുമുണ്ടാക്കുന്നത് അവരുടെ അല്‍പത്തമാണ് വ്യക്തമാക്കുന്നത്.
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഇതിനു മുമ്പ് മൂന്ന് തവണ രക്ഷാസമിതിയില്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളെ ചൈന പരാജയപ്പെടുത്തിയിരുന്നു.
അസ്ഹര്‍ കേസില്‍ ചൈനക്ക് വേണ്ടത് വ്യക്തമായ തെളിവുകളാണെന്ന് വിശദീകരിക്കുന്ന മറ്റൊരു ലേഖനവും ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ചു. ജെയ്‌ശെ മുഹമ്മദ് സിവിലിയന്മാരെ ലക്ഷ്യമിടുന്നില്ലെന്നും പകരം അവര്‍ ഇന്ത്യന്‍ സുരക്ഷാ സേനയേയും പോലീസിനേയുമാണ് ലക്ഷ്യമിടുന്നതെന്നും ലേഖനത്തില്‍ ഷാങ്ഹായി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ലിയു സോംഗി പറയുന്നു. ഇന്ത്യ സമ്മര്‍ദം ചെലുത്തുകയാണെങ്കിലും ചൈന സമ്മര്‍ദത്തിനു വഴങ്ങില്ല. ഈയിടെ കശ്മീരില്‍ നടന്ന ആക്രമണം പാക്കിസ്ഥാനെതിരെ പൊതുരോഷം ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍നിന്ന് പരമാവധി മുതലെടുക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ചൈനക്കെതിരേയും പൊതുവികാരം ഉയര്‍ത്തി നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ചോങ്യാങ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫിനാന്‍ഷ്യല്‍  സ്റ്റഡീസ് പ്രൊഫസര്‍ ലോങ് ഷിന്‍ഗുചെനും അഭിപ്രായപ്പെട്ടു.

 

Latest News