ക്രൈസ്റ്റ്ചർച്ച് - ന്യൂസിലൻഡ് നഗരമായ െ്രെകസ്റ്റ്ചർച്ചിലെ രണ്ടു പള്ളികളിലുണ്ടായ വെടിവെപ്പിന് ശേഷം ഒൻപത് ഇന്ത്യക്കാരെ കാണാതായി. വെടിവെപ്പിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ന്യൂസിലാന്റിലെ ഇന്ത്യൻ അംബാസിഡറാണ് ഇക്കാര്യം പറഞ്ഞത്. വെടിവെപ്പിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടതായും മൂന്നുപേർക്ക് മാരകമായി പരിക്കേറ്റതായും ആൾ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസദ്ദുദ്ദീൻ ഉവൈസി പറഞ്ഞിരുന്നു. 49 പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികൾക്കു നേരെ വലതുപക്ഷ തീവ്രവാദികൾ വെടിവെപ്പ് നടത്തുകയായിരുന്നു.
അൽ നൂർ മസ്ജിദിൽ 41 പേരും ലിൻവൂഡ് മസ്ജിദിൽ ഏഴു പേരുമാണ് കൊല്ലപ്പെട്ടത്. ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലു ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് പോലീസ് കനത്ത സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്. ന്യൂസീലൻഡിലെ ഏറ്റവും വലിയ ഭീകരമാക്രമണാണ് വെള്ളിയാഴ്ച ഉണ്ടായത്.
കൊലക്കേസ് പ്രതിയായ 28കാരൻ ഉൾപ്പെടെ നാലു പേരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലക്കേസ് പ്രതി നാളെ െ്രെകസ്റ്റ്ചർച്ച് ഡിസ്ട്രിക്ട്് കോടതിയിൽ ഹാജരാനിരിക്കുന്നയാളുമാണ്. ഒരാൾ ഓസ്‌ട്രേലിയൻ പൗരനാണ്. നാലമത്തെയാൾക്ക് വെടിവയ്പ്പുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ വലതു പക്ഷ തീവ്രവാദിയും ഭീകരനാണെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്താണെന്നും ആരാണ് പിന്നിൽ പ്രവർത്തിച്ചതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
പള്ളിയിൽ കയറി തുരുതുരാ വെടിയുതിർക്കുന്നത് ഓസ്‌ട്രേലിയൻ ഭീകരൻ ഫേസ്ബുക്കിൽ 17 മിനിറ്റു നേരം ലൈവായി സംപ്രേഷണം ചെയ്തിരുന്നു. ഫേസ്ബുക്ക് ഈ വിഡിയോ നീക്കം ചെയ്തു.
വെടിവയ്പ്പ് നടന്ന ഡീൻസ് അവെ, ലിൻവൂഡ് അവന്യു പള്ളി പരിസരങ്ങളിൽ നിന്ന് ആക്രമികൾ ഉപേക്ഷിച്ച വൻ ആയുധ ശേഖരം കണ്ടെടുത്തതായും പോലീസ് അറിയിച്ചു. ഇവരുടെ വാഹനങ്ങളുമായി ബന്ധിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുകയും ചെയ്തു.