Sorry, you need to enable JavaScript to visit this website.

റിയാദ് പുസ്തക മേളക്ക് മാറ്റു കൂട്ടാൻ പ്രമുഖർ; ഇരുന്നൂറോളം സാംസ്‌കാരിക പരിപാടികൾ

റിയാദ് ബുക്‌ഫെയർ ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി സാംസ്‌കാരിക മന്ത്രി ഹാമിദ് ഫായിസും  ബഹ്‌റൈൻ  സാംസ്‌കാരിക, പുരാവസ്തു അതോറിറ്റി പ്രസിഡന്റ് ശൈഖ മയ് ബിൻത് മുഹമ്മദ് അൽഖലീഫയും 

റിയാദ് - റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ മാറ്റ് കൂട്ടാൻ നിരവധി കലാകാരന്മാരും കലാകാരികളും. സൗദി സിനിമാ മേഖലയിലെ മുൻനിര പ്രതിഭകളായ അബ്ദുല്ല അൽമുഹൈസിൻ, ഇബ്രാഹിം അൽഖാദി, സഅദ് ഖിദ്ർ, ഹൈഫാ അൽമൻസൂർ, ഇബ്രാഹിം അൽഹസ്സാവി, ദിവംഗതരായ സഅദ് അൽഫരീഹ്, ഖലീൽ അൽറവാഫ് എന്നിവരെയും പുരസ്‌കാരത്തിന് അർഹമായ കൃതികളുടെ രചയിതാക്കളായ ഡോ. അബ്ദുല്ല അൽമുഫ്‌ലിഹ്, മുഹമ്മദ് ബിൻ അബ്ദുല്ല അൽസുരൈഅ്, മഖ്ബൂൽ അൽഅലവി, ഹസൻ അൽസ്വൽഹബി, സ്വാലിഹ് അൽനഫീസ, മുഹമ്മദ് അൽനദീർ എന്നിവരെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടന ചടങ്ങ് പൂർത്തിയായ ശേഷം ഡെപ്യൂട്ടി സാംസ്‌കാരിക മന്ത്രി ബഹ്‌റൈൻ പവിലിയൻ സന്ദർശിച്ചു. 
മുപ്പതു രാജ്യങ്ങളിൽനിന്നുള്ള 913 പ്രസാധാകരും 1750 സ്ഥാപനങ്ങളും വകുപ്പുകളും പങ്കെടുക്കുന്ന റിയാദ് ബുക്‌ഫെയറിൽ അഞ്ചു ലക്ഷത്തോളം ശീർഷകങ്ങളിലുള്ള പുസ്തകങ്ങളാണുള്ളത്. പത്തു ദിവസം നീണ്ടുനിൽക്കുന്ന ബുക്‌ഫെയറിനിടെ ഇരുനൂറിലേറെ സംസ്‌കാരിക പരിപാടികൾ അരങ്ങേറും. 
62 സെമിനാറുകളും പ്രഭാഷണങ്ങളും സാംസ്‌കാരിക മജ്‌ലിസ് പരിപാടിയുടെ ഭാഗമായി പതിമൂന്നു സെഷനുകളും നാലു നാടകങ്ങളുടെ പ്രദർശനങ്ങളും 18 സൗദി ഹ്രസ്വ സിനിമകളുടെ പ്രദർശനങ്ങളും 29 സാങ്കേതിക ശിൽപശാലകളും റിയാദ് ബുക്‌ഫെയറിനോടനുബന്ധിച്ച് നടക്കും. 
സന്ദർശകരുടെ മുന്നിൽ രചയിതാക്കൾക്ക് തങ്ങളുടെ പുസ്തകങ്ങളിൽ ഒപ്പുവെച്ച് നൽകുന്നതിന് മൂന്നു പ്ലാറ്റ്‌ഫോമുകളും സജ്ജീകരിച്ചിട്ടുണ്ട്. ബുക്‌ഫെയറിനിടെ 267 രചയിതാക്കൾ തങ്ങളുടെ കൃതികളിൽ ഒപ്പുവെച്ചു നൽകും. 
മീഡിയ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന റിയാദ് ബുക്‌ഫെയറിൽ ഓരോ വർഷവും ഒരു രാജ്യത്തെ വിശിഷ്ടാതിഥി രാജ്യമെന്നോണം തെരഞ്ഞെടുക്കാറുണ്ട്. വിശിഷ്ടാതിഥിയെന്നോണം പങ്കെടുക്കുന്ന രാജ്യത്തിന് തങ്ങളുടെ നാടിന്റെ ചരിത്രവും സംസ്‌കാരവും സാഹിത്യവും പരിചയപ്പെടുത്തുന്നതിന് വലിയ പവിലിയൻ അനുവദിക്കും. ബുക്‌ഫെയറിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറുകളിലും കലാപരിപാടികളിലും വിശിഷ്ടാതിഥി രാജ്യത്തിന് പ്രത്യേക പരിഗണനയുണ്ടാകും.
റിയാദ് ബുക്‌ഫെയറിൽ 11 രാജ്യങ്ങൾക്കാണ് ഇതുവരെ വിശിഷ്ടാതിഥി പദവി ലഭിച്ചത്. ജപ്പാൻ, ബ്രസീൽ, സെനഗൽ, ഇന്ത്യ, സ്വീഡൻ, മൊറോക്കൊ, സ്‌പെയിൻ, ദക്ഷിണാഫ്രിക്ക, ഗ്രീസ്, മലേഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് വിശിഷ്ടാതിഥി രാജ്യമെന്നോണം റിയാദ് ബുക്‌ഫെയറിൽ മുൻ വർഷങ്ങളിൽ പങ്കെടുത്തത്. സൗഹൃദ രാജ്യങ്ങളുടെ സാംസ്‌കാരിക, സാഹിത്യ ഔന്നിത്യവും ചരിത്രവും പരിചയപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതിനും ലക്ഷ്യമിട്ടാണ് വിശിഷ്ടാതിഥി പദവി നൽകി ആദരിക്കുന്നത്. 
തുടക്ക കാലത്ത് സൗദി സർവകലാശാലകളിൽ സംഘടിപ്പിച്ചിരുന്ന പുസ്തക പ്രദർശനങ്ങളാണ് റിയാദ് ബുക്‌ഫെയറായി രൂപാന്തരം പ്രാപിച്ചത്. ഈ മേഖലയിൽ യൂനിവേഴ്‌സിറ്റികൾ നടത്തിയിരുന്ന ശ്രമങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം ഏകീകരിക്കുകയും സമ്പൂർണാർഥത്തിലുള്ള ബുക്‌ഫെയർ സംഘാടനത്തിന് തുടക്കം കുറിക്കുകയുമായിരുന്നു. സ്ഥിരമായി റിയാദ് അന്താരാഷ്ട്ര ബുക്‌ഫെയർ സംഘടിപ്പിക്കുന്ന ചുമതല 2007 ഫെബ്രുവരി 27 ന് മീഡിയ (പഴയ സാംസ്‌കാരിക, ഇൻഫർമേഷൻ) മന്ത്രാലയം ഏറ്റെടുത്തു. ഇതോടൊപ്പം ഓരോ വർഷവും ബുക്‌ഫെയർ സംഘടിപ്പിക്കുന്ന സമയം സ്ഥിരപ്പെടുത്തുകയും ചെയ്തു. സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായി റിയാദ് ബുക്‌ഫെയറിനെ മീഡിയ മന്ത്രാലയം പരിവർത്തിപ്പിച്ചു. 
അറബ് ലോകത്ത് ഏറ്റവുമധികം പുസ്തക വിൽപന നടക്കുന്നത് റിയാദ് ബുക്‌ഫെയറിലാണ്. ഓരോ വർഷവും പത്തു ലക്ഷത്തിലേറെ പേർ റിയാദ് ബുക്‌ഫെയർ സന്ദർശിക്കാറുണ്ട്. 
 

Latest News