സൗദിയ വിമാനങ്ങളിൽ ഇൻസ്റ്റഗ്രാം സൗജന്യം

റിയാദ് - ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) വിമാനങ്ങളിലെ യാത്രക്കാർക്ക് ഇൻസ്റ്റഗ്രാം, വി ചാറ്റ് ആപ്പുകൾ സൗജന്യമായി ഉപയോഗിക്കുന്നതിന് അവസരമൊരുക്കുന്ന പുതിയ സേവനം കമ്പനി ആരംഭിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാർക്ക് പുതിയ സേവനം പ്രയോജനപ്പെടുത്തുന്നതിന് കഴിയും. 
നേരത്തെ മുതൽ സൗദിയ വിമാനങ്ങളിൽ സൗജന്യമായി ഉപയോഗിക്കുന്നതിന് സാധിക്കുന്ന ആപ്പുകൾക്ക് പുറമേയാണ് പുതുതായി രണ്ടു ആപ്പുകൾ കൂടി യാത്രക്കാർക്ക് സൗദിയ ലഭ്യമാക്കിയിരിക്കുന്നത്. 
വിമാന യാത്രക്കിടെ അഞ്ചു ആപ്പുകൾ സൗജന്യമായി ഉപയോഗിക്കുന്നതിന് യാത്രക്കാർക്ക് അവസരമൊരുക്കുന്ന ലോകത്തെ ഏക വിമാന കമ്പനിയാണ് സൗദിയ. വാട്‌സാപ്പ്, ഐ മെസ്സേജ്, ഫെയ്‌സ്ബുക് മെസ്സഞ്ചർ, വി ചാറ്റ്, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകളാണ് സൗദിയ യാത്രക്കാർക്ക് സൗജന്യമായി ഉപയോഗിക്കുന്നതിന് കഴിയുക. ഈ ആപ്പുകൾ വഴി ലോകത്തെവിടെയുമുള്ള തങ്ങളുടെ ബന്ധുക്കളുമായും കൂട്ടുകാരുമായും പരിചയക്കാരുമായി ടെക്സ്റ്റ് മെസ്സേജുകളിലൂടെ ആശയവിനിമയം നടത്തുന്നതിന് സൗദിയ യാത്രക്കാർക്ക് സാധിക്കും. 

Latest News