Sorry, you need to enable JavaScript to visit this website.

പച്ചവെള്ളത്തിന്റെ രുചിയറിഞ്ഞ ആ നോമ്പുകാലം

ഒ.എം കരുവാരക്കുണ്ട്  

മാപ്പിള ജീവിതത്തിന്റെ ഗന്ധവും ഉൾത്തുടിപ്പും ലയിച്ചമർന്നതാണ് മാപ്പിളപ്പാട്ടുകൾ. ഭാഷാ വൈവിധ്യത്തിനപ്പുറം പ്രാസാലങ്കാരങ്ങളുടെ തനിമ ചോരാതെ ഇശല് നെയ്ത മാപ്പിള കവികളുടെ പിൻഗാമികൾ പാട്ടിന്റെ തനിമ നഷ്ടപ്പെടുത്തിയപ്പോഴും മാപ്പിളപ്പാട്ടിന്റെ ചിട്ടവട്ടങ്ങൾ വ്യതിചലിക്കാതെ ഇന്നും രചന നിർവഹിച്ച് മുന്നേറുന്ന കവിയാണ് ഒ.എം കരുവാരക്കുണ്ട്. മാപ്പിള കവികളെക്കുറിച്ചും റമദാൻ കാലത്തെ പാട്ടെഴുത്തിന്റെ തിരക്കിനെക്കുറിച്ചും കരുവാരക്കുണ്ടിലെ ചുങ്കത്തെ വീട്ടിലിരുന്ന് ഒ.എം കരുവാരക്കുണ്ട് വാചാലനായി. 
പട്ടിണിയുടെയും പാട്ടിന്റെയും ഓർമകളാണ് നോമ്പിന്റേത്. വറുതിയുടെ കാലമായതിനാൽ എന്നും പട്ടിണി തന്നെയായിരുന്നു. എങ്കിലും നോമ്പുതുറയിൽ ലഭിക്കുന്ന ഭക്ഷണം ആവേശമായിരുന്നു. നോമ്പുകാലത്താണ് പച്ചവെള്ളത്തിന്റെ രുചിയെന്താണെന്നറിയുന്നത്. നോമ്പു തുറന്നാൽ വെള്ളം കുടിക്കുന്നതിന് അതിരുണ്ടാവില്ല. ഇന്ന് നോമ്പു തുറക്ക് പച്ചവെള്ളമില്ല. കലക്കിയ വെള്ളമാണ്. പിന്നെ പൊരിച്ചത് നിരത്തിയ നോമ്പുതുറയും. അന്ന് കോഴിക്കറിയും പത്തിരിയും തന്നെയാണ് കേമൻ. വട്ടത്തിലിരുന്ന് കുത്ത് പിഞ്ഞാണത്തിൽ വിളമ്പിയ തേങ്ങ വറുത്തരച്ച കോഴിക്കറി ആദ്യം മുക്കിക്കിട്ടുന്നവന് കഷ്ണമുണ്ടാകും. അല്ലാത്തവന് പത്തിരിക്കൊപ്പം ചാറ് മുക്കിത്തിന്നാനാവും വിധി.
നോമ്പു നോറ്റാൽ ഉച്ചയാകുമ്പോഴേക്കും ശരിക്കും വാടിത്തളരും. ഇന്ന് ക്ഷീണമില്ല. പണ്ടത്തെപ്പോലെ തിന്നാൻ കിട്ടാത്ത കാലവുമല്ല. ഇന്ന് കുട്ടികൾക്ക് തിന്നാൻ ഏറിയിട്ട് വേണ്ടാത്ത കാലം. അന്നാണെങ്കിൽ എന്തെങ്കിലും ഒന്ന് തിന്നാൻ കിട്ടിയാൽ മതിയെന്ന് ആലോചിക്കുന്ന കാലവും. ഉമ്മയുടെ കൂടെ ബന്ധുവീട്ടിൽ ഒരു നോമ്പുതുറക്ക് പോയത് ഇപ്പോഴും ഓർക്കുന്നുണ്ട്. റെയിൽപാളം കടന്ന് കുത്തനെയുള്ള കയറ്റം കയറിയാണ് യാത്ര. നോമ്പിനെ തുടർന്ന് അതിയായ ക്ഷീണം വന്നു. തൊട്ടരികിലുള്ള കിണറിൽ നിന്ന് വെള്ളം മുക്കി ഉമ്മാനോട് മുഖം കഴുകട്ടെ എന്ന് പറഞ്ഞ് വേണ്ടുവോളം കുടിച്ചിട്ടുണ്ട്. അന്നത്തെ നോമ്പിന്റെ കാഠിന്യമാണ് അത്. അത്താഴത്തിനും വേണ്ടത്ര ഭക്ഷണം കിട്ടാത്ത കാലമായിരുന്നു. 
മാപ്പിളപ്പാട്ടിന്റെ മൊഞ്ച് എന്നു പറഞ്ഞാൽ അറബി മലയാള സാഹിത്യം തന്നെയാണ്.
മാപ്പിള മുസ്‌ലിംകളുടെ ഇരുത്തവും നടത്തവും യാത്രകളും സംവാദങ്ങളും എല്ലാം പാട്ടാണ്. ബീഡി തെറുപ്പുകാർ, കായലോരത്തെ തോണിക്കാർ, കാളവണ്ടിക്കാർ എല്ലാവരുടെയും ചുണ്ടിലും തത്തിക്കളിച്ചിരുന്നത് മാപ്പിളപ്പാട്ടിന്റെ ഇശലുകളായിരുന്നു. അതുകൊണ്ട് തന്നെ നിമിഷകവികളാണ് അക്കാലത്തുണ്ടായിരുന്നത്. തീപ്പെട്ടിയിൽ താളം പിടിച്ച് സർക്കീട്ട് പാടിയിരുന്ന പുലിക്കോട്ടിൽ ഹൈദറിനെ പോലുള്ള കവികളാണ് മാപ്പിള സാഹിത്യ ശാഖയെ സമ്പുഷ്ടമാക്കിയത്. എന്നിൽ പാട്ടെഴുത്തുകാരനുണർന്നതും ഹൈദറിനെ പോലെയുള്ള പ്രമുഖ കവികളുടെ കവിതകളാണ്. കത്തുപാട്ടുകൾ, ഖിസ്സപ്പാട്ടുകൾ, മദ്ഹ് ഗാനങ്ങൾ അങ്ങനെ എല്ലാ തരത്തിലും ഗാനങ്ങളുണ്ടായിരുന്നു. അത് തന്നെയാണ് മാപ്പിളപ്പാട്ടിന് ഇന്ന് കിട്ടുന്ന പ്രസക്തിക്ക് കാരണവും. റമദാൻ കാലത്ത് പതിവ് മതപ്രഭാഷണ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി പാടിപ്പറയുന്ന കഥാപ്രസംഗ പരിപാടികളും അരങ്ങേറിയിരുന്നു. മാപ്പിളപ്പാട്ടിലെ തേനൂറുന്ന നിരവധി ഹിറ്റുകൾ ഇത്തരം കഥാപ്രസംഗങ്ങളിലൂടെ ശ്രദ്ധേയമായിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രങ്ങൾ, കർമങ്ങൾ തുടങ്ങിയവയായിരുന്നു ഒരു കാലത്ത് മാപ്പിളപ്പാട്ടിന്റെ കഥാബീജം. ഇവ പെട്ടെന്ന് പ്രചാരം നേടുകയും ചെയ്തിട്ടുണ്ട്. 
1979 മുതൽ 90 വരെയുള്ള കാലഘട്ടത്തിലാണ് മാപ്പിളപ്പാട്ടുകൾ ശ്രദ്ധേയമാകുന്നത്. അക്കാലത്ത് പാട്ടെഴുതാൻ കഴിഞ്ഞുവെന്നതാണ് എനിക്കു കിട്ടിയ ഭാഗ്യം. നോമ്പും പെരുന്നാളും തന്നെയാണ് മിക്ക കാസറ്റുകളുടെയും വിഷയം. കോഴിക്കോട്ടെയും എറണാകുളത്തെയും സ്റ്റുഡിയോകളിലായിരിക്കും അക്കാലത്ത് നോമ്പുതുറ. കോഴിക്കോട്ടെ ഒരു ക്രിസ്ത്യൻ പുരോഹിതന്റെ സ്റ്റുഡിയോവിൽ വെച്ച് ഒരുപാട് തവണ നോമ്പു തുറന്നിട്ടുണ്ട്. നോമ്പില്ലാത്തവർ പോലും നമുക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യില്ല. അത്രക്ക് ബഹുമാനത്തോടെയാണ് റമദാനെ മറ്റു മതസ്ഥർ കാണുന്നത്. ഇന്നത്തെ റിയാലിറ്റി, സ്റ്റേജ് ഷോകളിൽ പാടുന്ന മിക്ക ഗാനങ്ങളും ആ ഒരു കാലഘട്ടത്തിൽ പിറന്നവയാണ്. തരംഗിണി, ജോണി സാഗരിഗ, ഈസ്റ്റ് കോസ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾക്കു വേണ്ടിയായിരുന്നു അന്നത്തെ പാട്ടെഴുത്ത്. ഇന്ന് ഇവരെല്ലാം മാപ്പിളപ്പാട്ടിൽ നിന്നും വഴിമാറിയതോടെ ഒരു പുതിയ തലമുറ മാപ്പിളപ്പാട്ടിനെ വികലമാക്കുന്ന രീതിയിൽ മുന്നേറി വരികയാണ്. ഇതിനെ അംഗീകരിക്കാൻ കഴിയില്ല. അതു കൊണ്ടു തന്നെ കാലങ്ങളായി നോമ്പു കാലത്തുള്ള തിരക്കിന്റെ പാട്ടെഴുത്തും ഇപ്പോൾ കുറഞ്ഞു.

Latest News