പാരിസ്- പാക് ഭീകര സംഘടനയായ ജയ്‌ശെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതായി ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മസൂദിനെ യുഎന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉല്‍പ്പെടുത്തി വിലക്കേര്‍പ്പെടുത്തണമെന്ന് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യത്തെ ചൈന എതിര്‍ത്തു തോല്‍പ്പിച്ചതിനു പിന്നാലെയാണ് ഈ നടപടി. മസൂദിനെ യൂറോപ്യന്‍ യൂണിയന്റെ ഭീകരപ്പട്ടികയില്‍ ഉല്‍പ്പെടുത്തുന്ന കാര്യ ചര്‍ച്ച ചെയ്യുമെന്നും ഫ്രഞ്ച് ആഭ്യന്തര, ധനകാര്യ, വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നില്‍ ജയ്ശ് ആണെന്ന വിവരം പുറത്തു വന്നതിനെ തുടര്‍ന്നാണ് മസൂദിന് ആഗോള വിലക്കേര്‍പ്പെടുത്താന്‍ വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയത്. ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാനെതിരെ ആഗോള സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഇന്ത്യ നീക്കവും നടത്തിയിരുന്നു. അതിനിടെ ഈ ആവശ്യം യുഎന്‍ രക്ഷാ സമതി തള്ളിയത് തിരിച്ചടിയായിരുന്നു.