ന്യൂദല്‍ഹി- അഴിമതിയും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കേസുകളില്‍ വിവരാവകാശ നിയമ പരിധിക്കു പുറത്തുള്ള സ്ഥാപനങ്ങളാണെങ്കിലും ആവശ്യമായ വിവരങ്ങള്‍ പുറത്തു വിടേണ്ടി വരുമെന്ന് സുപ്രീം കോടതി. റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകളില്‍ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തിനു മറുപടിയായാണ് കോടതിയുടെ നിരീക്ഷണം. റഫാല്‍ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന ഹരജി തള്ളിയ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജിക്കൊപ്പമാണ് ചില രേഖകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഈ രേഖകള്‍ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം സര്‍ക്കാര്‍ സൂക്ഷിക്കുന്നവയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇവ ഹരജിക്കാര്‍ മോഷ്ടിച്ചെന്നായിരുന്നു നേരത്തെ കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത്. മോഷണം എന്നതു പിന്നീട് തിരുത്തി പകര്‍പ്പെടുത്തു എന്നാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയം അഴിമതിയോ മനുഷ്യാവകാശമോ ആണെങ്കില്‍ വിവരാവകാശ നിയമത്തിനു പുറത്താണെങ്കിലും അതു നല്‍കാന്‍ ബാധ്യസ്ഥമാണെന്ന് ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കി.
റഫാല്‍ അഴിമതി അന്വേഷിക്കേണ്ട എന്ന വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജി തള്ളണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മുന്‍ കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് കേന്ദ്രത്തിനെതിരായ ഹരജിക്കാര്‍.