ക്രൈസ്റ്റ്ചര്‍ച്- ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ തിങ്ങി നിറഞ്ഞ രണ്ട് മുസ്ലിം പള്ളികളില്‍ കയറി അക്രമികള്‍ നടത്തിയ കൂട്ടവെടിവെയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് എത്തിയ വിശ്വാസികള്‍ക്കു നേരെയാണ് ഭീകരാക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തു വന്നിട്ടില്ല. 27 പേരോളം കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകളെന്ന് ന്യൂസീലന്‍ഡ് ഹെരള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. മൂന്നാമതൊരിടത്ത് വെടിവയ്പ്പും കാര്‍ബോംബ് സ്‌ഫോടനം നടന്നതായും റിപോര്‍ട്ടുണ്ട്. മധ്യ ക്രൈസ്റ്റ്ചര്‍ചിലെ അല്‍ നൂര്‍ മസ്ജിദ്, ലിന്‍വൂഡ് മസ്ജിദ് എന്നിവിടങ്ങളിലാണ് കൂട്ടവെടിവെപ്പാക്രമണം ഉണ്ടായത്. അക്രമികളില്‍ ഒരാള്‍ ഓസ്‌ട്രേലിയക്കാരനാണെന്നും റിപോര്‍ട്ടുണ്ട്. അക്രമണത്തിനു പിന്നിലെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചും ഇതൊരു ഭീകരാക്രമണമാണെന്ന് പ്രഖ്യാപിച്ചു 37 പേജുകള്‍ വരുന്ന കുറിപ്പും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്.
വെടിക്കോപ്പുകളും ആയുധങ്ങളും നിറച്ച വാനിലാണ് ആക്രമി അല്‍ നൂര്‍ മസ്ജിദില്‍ എത്തിയത്. റോഡരികില്‍ വാന്‍ നിര്‍ത്തി ആയുധവുമായി പള്ളിയിലേക്കു കറയുമ്പോള്‍ തന്നെ ആക്രമി ലൈവ് സ്ട്രീമിങും ആരംഭിച്ചിരുന്നു. ആദ്യം വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ആളെ വെടിവച്ചിട്ടാണ് ആക്രമണം തുടങ്ങിയത്. പിന്നീട് പള്ളിക്കകത്തു കയറി കൂട്ടവെടിവയ്പ്പു നടത്തി. ഭയചകിതരായ വിശ്വീസികള്‍ ചിതറിയോടി. നിരവധി പേര്‍ വെടിയേറ്റു വീണു. മൂലകളിലും മുറികളിലും ആളുകള്‍ ഒളിച്ചിരുന്നു. ആക്രമി ഓരോ മുറികളും തുറന്നു പരിശോധിച്ച് വെടിവെയ്പ്പു തുടര്‍ന്നു. പിന്നീട് ഇയാള്‍ പുറത്തിറങ്ങി വാനിലെത്തി തോക്കില്‍ വെടിക്കോപ്പ് നിറച്ച് വീണ്ടും പള്ളിയിലെത്തി വെടിവെയ്പ്പു തുടര്‍ന്നു ശേഷം തിരിച്ചു പോയി.
വെടിവയ്പ്പു നടത്തിയ അക്രമികളില്‍ ഒരാള്‍ ആക്രമണം സമൂഹമാധ്യമങ്ങളിലൂടെ ലൈവായി പുറത്തു വിടുകയും ചെയ്തു. അക്രമം നടന്ന പള്ളികളിലൊന്നില്‍ ബംഗ്ലദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും ഉണ്ടായിരുന്നു. ഇവരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ടീം കോച്ച് വ്യക്തമാക്കി. പോലീസ് ക്രൈസ്റ്റ്ചര്‍ച് നഗരത്തില്‍ പുര്‍ണമായും നിയന്ത്രണമേര്‍പ്പെടുത്തി. ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി. നഗരത്തിലുടനീളം വ്യാപകകമായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.