വാഷിങ്ടണ്‍- ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യാ-യുഎസ് ധാരണ. ഉഭയകക്ഷി സിവില്‍ ആണവോര്‍ജ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരാര്‍. ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് സെക്യൂരിറ്റി ഡയലോഗിന്റെ ഒമ്പതാം വട്ട ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. വിദേശ കാര്യ സെക്രട്ടറി വിജയ് ഗോകലെയും യുഎസ് രാജ്യാന്തര സുരക്ഷ, ആയുധ നിയന്ത്രണ കാര്യ ചുമതലയുള്ള വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ആന്‍ഡ്രിയ തോംസണും ബുധനാഴ്ച നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
സൈനികേതര ആണവോര്‍ജാവശ്യങ്ങള്‍ക്കുള്ള ചരിത്രപരമായ ഇന്ത്യ-യുഎസ് ആണവ കരാര്‍ 2008-ലാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. ഇതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ആണവ രാജ്യങ്ങളുടെ കൂട്ടായ്മയായ ന്യൂക്ലിയര്‍ സപ്ലൈയേഴ്‌സ് ഗ്രൂപ്പ് (എന്‍.എസ്.ജി)ല്‍ അംഗത്വമില്ലാത്ത ഇന്ത്യയ്ക്ക് നിരവധി രാജ്യങ്ങളുമായി ആണവ കരാറുകള്‍ക്ക് അനുമതി നല്‍കുന്നതായിരുന്നു ഈ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇതിനു ശേഷം ഫ്രാന്‍സ്, റഷ്യ, കാനഡ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ജപാന്‍, ശ്രീലങ്ക, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ബംഗ്ലദേശ്, കസഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ആണവ കരാറുണ്ടാക്കി.
48 അംഗങ്ങളുള്ള എന്‍.എസ്.ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന കാര്യം യുഎസ് കഴിഞ്ഞ ദിവസം വീണ്ടു ആവര്‍ത്തിച്ചു. ആണവായുധ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയായ എന്‍.എസ്.ജിയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനെ ചൈനയാണ് എതിര്‍ത്തു വരുന്നത്.