Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി വനിതകളുടെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ പരിശീലന പദ്ധതി

റിയാദ് - സ്വദേശി വനിതകൾക്കിടയിലെ തൊഴിലില്ലായ്മക്ക് തടയിടുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുതിയ പദ്ധതി നടപ്പാക്കുന്നു. സമാന്തര പരിശീലന പദ്ധതി എന്ന് പേരിട്ട പദ്ധതി വഴി വനിതകൾക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിനാണ് ശ്രമം. 2020 അവസാനത്തോടെ സൗദി വനിതകൾക്ക് തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിനും തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ തൊഴിൽരഹിതരായ സൗദി വനിതകൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ തൊഴിൽ പരിശീലനങ്ങൾ നൽകുകയും പരിശീലനം പൂർത്തിയാക്കുന്നവർക്ക് നിയമനം ഉറപ്പുവരുത്തുകയും ചെയ്യും. ട്രെയിനിംഗ് സ്ഥാപനങ്ങൾ വഴി സാങ്കേതിക, വ്യക്തിത്വ വികസന മേഖലയിൽ സൗദി വനിതകൾക്ക് പരിശീലനം നൽകുന്നതിനു സമാന്തരമായി സ്വകാര്യ കമ്പനികളിൽ തൊഴിലുകളിൽ നിയമിച്ച് വനിതകൾക്ക് തൊഴിൽ പരിശീലനവും നൽകുകയാണ് ചെയ്യുക. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പദ്ധതി നടപ്പാക്കുന്നതിന് സഹകരിക്കുന്ന കമ്പനികൾക്ക് സാമ്പത്തിക സഹായങ്ങളും മറ്റു പിന്തുണകളും നൽകും. പദ്ധതിക്ക് അന്തിമ രൂപംനൽകുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കൺസൾട്ടൻസി സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചിട്ടുണ്ട്. 
തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് വെല്ലുവിളികൾ നേരിടുന്ന കോഴ്‌സുകൾ പൂർത്തിയാക്കിയ സൗദി വനിതകൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് കുറക്കൽ, വനിതകളുടെ തൊഴിൽ നൈപുണ്യങ്ങൾ ഉയർത്തൽ, സൗദി വനിതാ ഉദ്യോഗാർഥികൾ നേരിടുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കൽ, ഉദ്യോഗാർഥികളുടെ സാങ്കേതിക, വ്യക്തിത്വ നൈപുണ്യങ്ങൾ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്ക് അനുസൃതമാക്കി മാറ്റൽ, പരിശീലന കാലത്ത് ചെലവുകളൊന്നും കൂടാതെ സൗദി വനിതാ ജീവനക്കാരെ അടുത്തറിയുന്നതിനും പരീക്ഷണാടിസ്ഥാനത്തിൽ അവരെ ജോലിക്കു വെക്കുന്നതിനും കമ്പനികൾക്ക് അവസരമൊരുക്കൽ എന്നീ അഞ്ചു പ്രധാന ലക്ഷ്യങ്ങളാണ് പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഉന്നമിടുന്നത്. 
സ്വകാര്യ മേഖലയിൽ സൗദി വനിതകൾക്ക് ലഭ്യമായ തൊഴിലവസരങ്ങളുടെ കണക്കെടുപ്പ്, പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന വനിതാ തൊഴിൽരഹിതരെ കുറിച്ച് പഠിക്കൽ, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സൗദിവൽക്കരണ പദ്ധതിയുമായി ഒത്തുപോകുന്ന നിലക്ക് തൊഴിലവസരങ്ങളെ മാറ്റിയെടുക്കൽ, പരിശീലനത്തിന് ആവശ്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കൽ, പദ്ധതി ഗുണഭോക്താക്കളായ തൊഴിൽരഹിതരുടെ എണ്ണവും വിഭാഗങ്ങളും നിർണയിക്കൽ, ഏതെല്ലാം പ്രവിശ്യകളിലാണ് പദ്ധതി നടപ്പാക്കേണ്ടത് എന്ന് നിർണയിക്കൽ, ഏതെല്ലാം മേഖലകളിലാണ് പുതിയ പദ്ധതി നടപ്പാക്കേണ്ടത് എന്ന് നിർണയിക്കൽ, അനുയോജ്യമായ പരിശീലന പ്രോഗ്രാമുകൾ നിർണയിക്കൽ എന്നിവയായിരിക്കും കൺസൾട്ടൻസി കമ്പനികളുടെ ചുമതല. 

Latest News