കോലാപൂര്‍- പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഭര്‍തൃമാതാവിന്റെ മരണത്തെ തുടര്‍ന്ന് ദുഃഖം താങ്ങാനാവാതെ അഞ്ചു ദിവസം മുമ്പ് ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തില്‍ പുതിയ വഴിത്തിരിവ്. ശുഭാംഗി ലോഖാന്‍ഡെ എന്ന 35-കാരിയുടെ മരണം അന്വേഷിച്ച പോലീസ് ഇതു കൊലപാതകമായിരുന്നുവെന്ന് കണ്ടെത്തി. ഭര്‍തൃമാതാവ് മാലതി ലൊകാന്‍ഡെ (70)യുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് സന്ദീപ് ലൊഖാന്‍ഡെയാണ് ശുഭാംഗിയെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സന്ദീപിനെ പോലീസ് പിടികൂടി. തന്റെ അമ്മയുടെ മരണത്തില്‍ പരസ്യമായി ശുഭാംഗി ആഹ്ലാദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സന്ദീപ് കടുത്ത ദേഷ്യത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഈ ദേഷ്യം തീര്‍ക്കാനാണു മാര്‍ച്ച് ഒമ്പതിനു വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും സന്ദീപ് ശുഭാംഗിയെ താഴേക്കെറിഞ്ഞത്. സന്ദീപ് കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ആത്മഹത്യാ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംശയത്തെ തുടര്‍ന്നാണ് വിശദമായി അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലില്‍ ഭാര്യയുടെ പെരുമാറ്റം സന്ദീപ് വെളിപ്പെടുത്തി. രോഗശയ്യയിലായിരുന്ന മാലതി മാര്‍ച്ച് ഒമ്പതിനു രാവിലെയാണ് മരിച്ചത്. ഇതിലുള്ള സന്തോഷം ശുഭാംഗിക്കു മറച്ചു വയ്ക്കാനായില്ല. ഈ പെരുമാറ്റമാണ് തന്നെ ചൊടിപ്പിച്ചതെന്ന് സന്ദീപ് സമ്മതിച്ചതായി പോലീസ് പറഞ്ഞു.