Sorry, you need to enable JavaScript to visit this website.

ചൈന വീണ്ടും എതിര്‍ത്തു; മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയം തള്ളി

ന്യൂയോര്‍ക്ക്- പാക് ഭീകര സംഘടനയായ ജയ്‌ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് യുഎന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയം ചൈന വീണ്ടും എതിര്‍ത്തതിനെ തുടര്‍ന്ന് പാസാക്കാനായില്ല. ഇതു നാലാം തവണയാണ് ചൈന മസൂദിനെ പ്രതിരോധിച്ച് രംഗത്തെത്തിയത്. നേരത്തെ ഇതിനായുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജയ്ശിനു പങ്കുള്ള പുല്‍വാമ ഭീകരാക്രമണം ഉയര്‍ത്തിക്കാട്ടി ഈ ഭീകര സംഘടനയുടെ തലവന്‍ മസൂദിന് ആഗോള വിലക്കേര്‍പ്പെടുത്തുന്നതിന് ഇന്ത്യ നയതന്ത്ര ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ചൈന എതിര്‍ത്തതോടെ ഇന്ത്യയുടെ ശ്രമങ്ങള്‍ വിഫലമായി. മസൂദിനെതിരായ പ്രമേയത്തിന് സാങ്കേതിക തടസമാണ് ചൈന ഉന്നയിച്ചതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

യുഎന്നിന്റെ 1267 അല്‍ ഖാഇദ ഉപരോധ സമിതിക്കു കീഴില്‍ മസൂദ് അസ്ഹറിനേയും ആഗോള ഭീകരനായി പ്രഖ്യാപിച്ച് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയം ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ് എന്നീ രാജ്യങ്ങള്‍ ഫെബ്രുവരി 27നാണ് യുഎന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ചത്. ഈ പ്രമേയത്തിന് പത്തു പ്രവര്‍ത്തി ദിവസങ്ങളാണ് കാലവധിയുണ്ടായിരുന്നത്. ഇതിനകം അംഗ രാജ്യങ്ങള്‍ തീരുമാനത്തിലെത്തേണ്ടിയിരുന്നു. എന്നാല്‍ അവസാന ദിവസമായ ബുധനാഴ്ചയാണ് ചൈന പ്രമേയത്തെ എതിര്‍ത്തത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇതു നാലാം തവണയാണ് മസൂദിനെതിരായ പ്രമേയം തള്ളിപ്പോയത്.

മസൂദിനെതിരായ യുഎന്നിലെ നീക്കം ചൈന വീണ്ടും തടഞ്ഞതില്‍ ഇന്ത്യ നിരാശ അറിയിച്ചു. ജയ്ശ് തലവനെതിരായ അന്താരഷ്ട്ര സമൂഹത്തിന്റെ നടപടിയാണ് ഇതോടെ തടയപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് വിലക്കേര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ലഭ്യമായ അവസരങ്ങളിലെല്ലാം ഇനിയും തുടരുമെന്നും ഇന്ത്യ അറിയിച്ചു.
 

Latest News